1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2023

സ്വന്തം ലേഖകൻ: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷ ദിവസങ്ങള്‍ക്കു മുൻപ് എസ്പിജി ഏറ്റെടുത്തു. നൂറോളം പേരടങ്ങുന്ന എസ്പിജി സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി.

കേരള പൊലീസിന്റെ കമാൻഡോ സംഘവും വേദികൾക്കു പുറത്ത് സുരക്ഷയൊരുക്കും. വിവിധ തലങ്ങളിൽ 2050 പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വിന്യസിച്ചത്. കൊ‌ച്ചി തീരദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി. ഞായറാഴ്ച നടത്തിയ ട്രയൽ റൺ ഉൾപ്പെടെ വിലയിരുത്തി പഴുതടച്ച സുരക്ഷയാണ് കൊച്ചിയിൽ ഏർപ്പെടുത്തിയത്.

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനപങ്കാളിത്തം മുൻനിർത്തി റോഡ് ഷോയുടെ ദൈർഘ്യം വർധിപ്പിച്ചു. തേവര ജംക്‌ഷൻ മുതൽ ‘യുവം’ യുവജന സംഗമ വേദിയായ തേവര എസ്എച്ച് കോളജ് വരെ 11.8 കിലോമീറ്ററാണ് റോഡ് ഷോ.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് രണ്ടായിരത്തോളം പൊലീസുകാരെയാണ് തലസ്ഥാനത്ത് വിന്യസിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തെത്തി. തമ്പാനൂരിനു ചുറ്റുമുള്ള ഹോട്ടലുകളിൽ സുരക്ഷാ ഏജന്‍സികൾ പരിശോധന നടത്തി. താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നു. പ്രധാനമന്ത്രിയെത്തുമ്പോൾ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും.

പ്രധാനമന്ത്രി പോകുന്ന വഴികളിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തുന്നുണ്ട്. സുരക്ഷാഭീഷണി ഉയർത്തുന്ന സംഘടനകൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. ഇത്തരം സംഘടനകളിലെ നേതാക്കളെ നിരീക്ഷിക്കുന്നുണ്ട്. തീരദേശ സ്റ്റേഷനുകളായ പൂവാർ, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്ന് തുടർച്ചയായി ബോട്ട് പട്രോളിങ് ഏർപ്പെടുത്തി.

നേവിയും ജാഗ്രത പാലിക്കുന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 10.30ന് നടക്കുന്ന പരിപാടിയിൽ വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്തശേഷം 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകും. രാവിലെ 7 മുതൽ 2 മണിവരെ ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സെൻട്രൽ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകൾ 11 മണി വരെ പ്രവർത്തിക്കില്ല. നാലും അഞ്ചും പ്ലാറ്റ് ഫോമിലെത്തേണ്ടവർ പവർഹൗസ് റോഡിലെ ഗേറ്റ് വഴി ഉള്ളിലേക്ക് കടക്കണം. ശക്തമായ സുരക്ഷാ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

എസ്പിജി നിർദേശം അനുസരിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പവർ ഹൗസ് റോഡിൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. തമ്പാനൂരിലെ പ്രധാന ടിക്കറ്റ് കേന്ദ്രങ്ങൾ 11 മണി കഴിഞ്ഞേ പ്രവർത്തിക്കൂ. റെയിൽവേ സ്റ്റേഷനു മുന്നിലെയും കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെയും ഓട്ടോ പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി.

ഓൾ സെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ പഞ്ചാപുര, ആർബിഐ, ബേക്കറി ജംക്‌ഷൻ, അരിസ്റ്റോ ജംഗ്ഷൻ, വാൻഡ്രോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റോഡിൽ പാർക്കിങ് അനുവദിക്കില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ രാവിലെ 8 മുതൽ 11വരെ അടച്ചിടും. ഇവിടെയുള്ള ഷോപ്പിങ് കോംപ്ലക്സിലെ കടകളും 11 മണിക്ക് ശേഷമേ പ്രവർത്തിക്കൂ. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകൾ വികാസ് ഭവനിലേക്ക് മാറ്റും. റെയിൽവേ സ്റ്റേഷനു മുന്നിലും ചുറ്റുമുള്ള റോഡുകളിലും പാർക്കിങ് അനുവദിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.