1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2023

സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.

വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കി. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

10.20ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. വഴിയരികില്‍ കാത്തുനിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.

ഫ്‌ളാഗ് ഓഫിനും വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനും ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

നേമം, കൊച്ചുവേളി ടെര്‍മിനല്‍ വികസനപദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി. തിരുവനന്തപുരം, കഴക്കൂട്ടം, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം- ഷൊര്‍ണൂര്‍ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവര്‍ധന, തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗല്‍- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമര്‍പ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.