മെഗാസ്റ്റാര്‍ മമ്മൂട്ടി മുമ്പ് മകളായി അഭിനയിച്ച ബാലതാരങ്ങള്‍ വളര്‍ന്നപ്പോള്‍ നായകസ്ഥാനത്ത് അഭിനയിച്ചിട്ടുണ്ട്. പ്രായം കൈവെയ്ക്കാത്തവരായി മമ്മൂട്ടിയും ലാലുമെല്ലാം തുടരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഇനിയും ഒട്ടേറെ സാധ്യതയുണ്ട്. ഇനി വരാനിരിക്കുന്ന മറ്റൊരു കാര്യം അച്ഛന്റെയും മകന്റെയും നായികയായി ഒരേ നടി അഭിനയിക്കുകയെന്നതാണ്. അതും മലയാളത്തില്‍ സംഭവിച്ചുകൂടായ്കയില്ലെന്നുവേണം പറയാന്‍. കാരണം മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്മാന് ചലച്ചിത്രലോകത്ത് സജീവമാകാനൊരുങ്ങിക്കഴിഞ്ഞു.
ദുല്‍ക്കറിന്റെ നായിക മമ്മൂട്ടിയുടെയും മമ്മൂട്ടിയുടെ നായിക ദുല്ക്കറിന്റേതുമായി മാറാന്‍ എന്തായാലും അധികകാലമൊന്നും വേണ്ടിവരില്ല. ഇനി മകനൊപ്പം അഭിനയിച്ച നടി തന്റെ നായികയാവേണ്ടെന്ന് മമ്മൂട്ടി തീരുമാനിച്ചാല്മാത്രേ ഇത്തരമൊരു സംഭവത്തിന് സാധ്യതയില്ലാതാവുകയുള്ളു. ദുല്‍ക്കറിന്റെ ആദ്യചിത്രമായ സെക്കന്റ്ഷോ ഉടന്‍ റിലീസ് ചെയ്യും. രണ്ടാമത്തെ ചിത്രത്തിലേയ്ക്കും ദുല്‍ക്കര്‍ കരാറായിട്ടുണ്ട്. അന്‍വര്‍ റഷീദാണ് ദുല്‍ക്കറിന് രണ്ടാമത്തെ ചിത്രം സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിത്യ മേനോന് ആണ് ദുല്‍ക്കറിന്റെ നായിക.
അടുത്തിടെ വിലക്കും മറ്റുമായി നിത്യ പ്രശ്നത്തിലായിരുന്നു. അതിന് മുമ്പേതന്നെ ഈ ചിത്രത്തിലേയ്ക്ക് അന്‍വര്‍ നിത്യയെ കരാര്‍ ചെയ്തിരുന്നുവെന്നാണ് കേള്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ദുബയിലാണ് ചിത്രീകരിക്കുന്നത്. ട്രാഫിക്, ചാപ്പകുരിശ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ ലിസ്റ്റിന് സ്റ്റീഫനാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല