
സ്വന്തം ലേഖകൻ: കഞ്ചാവു കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു. തങ്കരാജു സപിയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചാങ്കി പ്രിസണ്‍ കോംപ്ലക്‌സില്‍വെച്ച് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയതായി സിങ്കപ്പുരില്‍നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ കഞ്ചാവ് കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റം.
1018 ഗ്രാം (ഒരു കിലോഗ്രാമിലധികം) കഞ്ചാവ് കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2017-ലാണ് തങ്കരാജുവിനെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് 2018-ല്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. മേല്‍ക്കോടതിയും ഈ നടപടി ശരിവെച്ചു. വിഷയത്തില്‍ പ്രതിയുടെ കുടുംബം ദയാഹര്‍ജി നല്‍കുകയും പുനരന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല.
പ്രതിയുടേതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളിലെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് തങ്കരാജുവിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഈ ഫോണുകളുപയോഗിച്ചാണ് മയക്കുമരുന്നു വിതരണം നടത്തിയതെന്ന് സിങ്കപ്പുരിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തങ്കരാജുവിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായും മന്ത്രാലയം അവകാശപ്പെടുന്നു.
അന്താരാഷ്ട്ര തലത്തിലുള്ള പല എതിര്‍പ്പുകളെയും മറികടന്നാണ് സിങ്കപ്പുര്‍ തങ്കരാജുവിന്റെ വധശിക്ഷ നടപ്പാക്കിയത്. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമുള്‍പ്പെടെ നിരന്തരമായി സിങ്കപ്പുര്‍ സര്‍ക്കാരിനോട് വധശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിയാനും പുനര്‍വിചിന്തനം നടത്താനും ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ കൈയില്‍നിന്ന് കഞ്ചാവ് ലഭിച്ചിട്ടില്ലെന്നും നിഷ്‌കളങ്കാനായ ഒരാളെയാണ് കൊല ചെയ്യുന്നതെന്നുമുള്‍പ്പെടെയുള്ള നിരവധി വാദങ്ങള്‍ കേസു സംബന്ധിച്ച് പല കോണുകളില്‍നിന്നായി ഉയര്‍ന്നുവന്നു.
ലഹരി വിരുദ്ധ നിയമങ്ങള്‍ ഏറ്റവും ശക്തമായുള്ള രാജ്യങ്ങളിലൊന്നാണ് സിങ്കപ്പുര്‍. അരക്കിലോ തൂക്കമുള്ള കഞ്ചാവു കേസില്‍ ഉള്‍പ്പെട്ടാല്‍ത്തന്നെ വധശിക്ഷ ലഭിക്കുമെന്നതാണ് സിങ്കപ്പുരില്‍ നിലനില്‍ക്കുന്ന നിയമം. ഇതിന്റെ ഇരട്ടിയിലധികം വരുന്ന കേസിലാണ് തങ്കരാജുവിനെ പിടികൂടിയത്.
വധശിക്ഷ ലഹരിക്കടത്ത് ഫലപ്രദമായി തടയാന്‍ ഉപകരിക്കുമെന്നതാണ് രാജ്യത്തിന്റെ നിലപാട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2022 മാര്‍ച്ചില്‍ വധശിക്ഷ പുനരാരംഭിച്ച ശേഷം പന്ത്രണ്ടാമത്തേതാണ് തങ്കരാജുവിന്റെ തൂക്കിലേറ്റല്‍. കഴിഞ്ഞ ആറുമാസത്തിനിടെ ആദ്യത്തേതും. സിങ്കപ്പുരിന്റെ അയല്‍രാജ്യമായ തായ്‌ലാന്‍ഡ് നേരത്തേതന്നെ ലഹരിക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല