സച്ചിന്റെ നൂറാം സെഞ്ച്വറി സ്വപ്നം 24 റണ്‍സ് അകലവച്ച് പൊലിഞ്ഞെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ അര്‍ഹിച്ച വിജയം നേടി. അഞ്ചുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഒന്നാം ഇന്നിംഗിസില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മനോഹരമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ സച്ചിന് 76, സേവാഗ് 55,ദ്രാവിഡ് 31 ഉം റണ്‍സെടുത്തു. അര്ധസൈഞ്ച്വറിയോടെ പൊരുതിയ മധ്യനിര ബാറ്റ്സ്മാന് ലക്ഷ്മണിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അതോടെ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് ശേഷം ടീം ഇന്ത്യ വിജയപാതയിലേക്ക് തിരിച്ചെത്തി.
നൂറാം സെഞ്ച്വറിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പിച്ചുകൊണ്ട് സച്ചിന് സെഞ്ച്വറിക്ക് 24 റണ്‍സ് അകലെ പുറത്തായി. 276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടിന് 152 എന്ന നിലയിലാണ് നാലാം ദിനം കളി തുടങ്ങിയത്. എന്നാല്‍ വന്മതില് ദ്രാവിഡിനെ(31) തുടക്കത്തിലേ പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ലക്ഷ്മണുമൊത്ത് സച്ചിന് നിര്‍ണായകമായ 70 റണ്‍സ് കൂട്ടിചേര്‍ത്ത് വിജയത്തിലേക്ക് വഴിതെളിച്ചു.
ഒടുവില്‍ വിജയത്തിന് 43 റണ്‍സ് അകലെ വെച്ചാണ് സച്ചിന് പുറത്തായത്. എന്നാല്‍ പിന്നീടെത്തിയ യുവരാജുമായി(18) ചേര്‍ന്ന് ലക്ഷ്മണ് കൂടുതല്‍ അപകടമില്ലാതെ ലക്ഷ്യത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും വിജയത്തിന് ഒരു റണ്‍ അകലെവെച്ച് യുവരാജിനെ സാമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ നായകന് ധോനി വിക്കറ്റ് കാത്തു. ഒടുവില്‍ ലക്ഷ്മണിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയും ഇന്ത്യന്‍ വിജയവുമെത്തി. അതുവഴി വിജയത്തോടെ പരമ്പരയ്ക്ക് തുടക്കമിടാനും ആതിഥേയര്‍ക്ക് കഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ പതിനയ്യായിരം റണ്‍സ് എന്ന നേട്ടം സച്ചിന് കൈവരിക്കുന്നതിനും ഈ ടെസ്റ്റ് സാക്ഷ്യം വഹിച്ചു. വീരേന്ദ്ര സെവാഗ്(55) ഗൗതം ഗംഭീര്‍(22), ദ്രാവിഡ്(31) സച്ചിന്(76), യുവരാജ്(18) എന്നിവരാണ് പുറത്തായത്.
നേരത്തെ കോട്ലയിലെ ചതിക്കുഴി പരമാവധി മുതലെടുത്ത ആര്. അശ്വിന്റെ കിടയറ്റ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നുപോയ വെസ്റ്റിന്‍ഡീസിന് രണ്ടാമിന്നിങ്സില്‍ 180 റണ്‍സാണ് നേടാനായത്. ഉമേഷ് യാദവ് രണ്ടും ഒന്നാമിന്നിങ്സിലെ ഹീറോ പ്രഗ്യാന്‍ ഓജ ഒരു വിക്കറ്റും സ്വന്തമാക്കി.
ഒന്നാമിന്നിങ്സില്‍ സെഞ്ച്വറി നേടിയ ചന്ദര്‍പോള്‍ തന്നെയാണ് രണ്ടാമിന്നിങ്സിലും വിന്‍ഡീസ് ഇന്നിങ്സിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. 47 റണ്‍സെടുത്ത ചന്ദര്‍പോളിന് കാര്യമായ പിന്തുണയൊന്നും മറ്റുള്ളവരില്‍ നിന്നു ലഭിച്ചില്ല. കിര്‍ക്ക് എഡ്വേഡ്സ് 33ഉം സമി 42 ഉം റണ്‍സെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല