സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും റഷ്യയും രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ശ്രമം തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചു. വിലക്കുറവിൽ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. സാധനങ്ങളുടെ ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് വെറും 2 ശതമാനം മാത്രമാണ് എന്നുള്ളതാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്. അതുകൊണ്ടു പല രാജ്യങ്ങൾക്കും രൂപ കൈവശം വെച്ചാൽ തന്നെ അത് ഉപകാരപ്രദമാകുന്നില്ല.
ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും കൂടുകയും, മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ സാധനങ്ങൾ കൂടിയേ തീരു എന്ന സ്ഥിതി വരുകയും ചെയ്താൽ രൂപയുടെ നിലവിലെ അവസ്ഥക്ക് മാറ്റം വരും. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ രൂപയിൽ ഇടപാട് നടത്താനുള്ള സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാൽ ഇപ്പോഴും അത് നടപ്പിലാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. ഇപ്പോഴും വ്യാപാരം നടക്കുന്നത് ഡോളറിലും, ദിർഹത്തിലുമാണ്.
പ്രാദേശിക കറൻസികളുടെ വ്യാപാരം സുഗമമാക്കാനുള്ള ചർച്ചകൾ അടുത്തകാലത്തായി പല രാജ്യങ്ങളും നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ശൈശവദിശയിൽ തന്നെയാണ്. ഇന്ത്യൻ രൂപയ്ക്ക് പകരം ചൈനീസ് യുവാനിൽ കച്ചവടം നടത്താനാണ് റഷ്യ ഇന്ത്യയെ നിർബന്ധിക്കുന്നത് എന്ന വിവരവും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രൂപയിലെ സെറ്റില്‍മെന്റ് നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ രണ്ടു രാജ്യങ്ങളും ബദൽ മാർഗങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല