സ്വന്തം ലേഖകൻ: കുവൈത്തിലെ ഈ വർഷത്തെ നീറ്റ് പരീക്ഷ അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂളില്‍ നടക്കും.മേയ് ഏഴിന് രാവിലെ 11.30ന് പരീക്ഷ ആരംഭിക്കും. രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്കൂളുകളിൽനിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതര്‍ അറിയിച്ചു.
പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്കുവേണ്ടി സ്കൂള്‍ പരിസരത്ത് ഹെൽപ് ഡെസ്ക് സജ്ജമാകും. പരീക്ഷക്ക് മുന്നോടിയായി കേന്ദ്ര പരീക്ഷ ഏജൻസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശനപരീക്ഷയാണിത്.
അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമുള്ള വിദ്യാര്‍ഥികളെ മാത്രമേ രജിസ്ട്രേഷൻ ഏരിയയിലേക്ക് പ്രവേശിപ്പിക്കൂ. വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നീറ്റ് പരീക്ഷ നടക്കും. പരീക്ഷാർഥികൾ മേയ് ഏഴിന് ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12ന് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്.
മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ ഒമാനിൽ നടന്നത്. നേരത്തേ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യുഎഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല