സ്വന്തം ലേഖകൻ: ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു കിരീടധാരണച്ചടങ്ങിന് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങലിന് ശേഷം ലോകം മുഴുവന്‍ ഉറ്റുനോക്കിയതും ചാള്‍സ് മൂന്നാമന്റെ അഭിഷേകച്ചടങ്ങുകള്‍ക്കാണ്. പ്രൗഢവും അത്യാകര്‍ഷകവുമായ ചടങ്ങുകള്‍ക്കായി കാത്തിരുന്നതിനോടൊപ്പം ഇന്റര്‍നെറ്റ് ലോകം തിരഞ്ഞുതുടങ്ങിയ ഒരു വ്യക്തിയുണ്ട്, ചാള്‍സ് മൂന്നാമനൊപ്പം പൊതുപരിപാടികള്‍ക്ക് പ്രത്യക്ഷപ്പെട്ട ആ ‘വെള്ളത്താടിക്കാരന്‍’.
ആ പിരിച്ചുവെച്ച മീശയും തലയെടുപ്പുള്ള പെരുമാറ്റവും ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായത്. കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ചാള്‍സ് മൂന്നാമനൊപ്പം സദാ ഒരു സുരക്ഷാസംഘവും ഉണ്ടാകും. എലിസബത്ത് രാജ്ഞിയ്ക്ക് അകമ്പടിയേകിയിരുന്ന സംഘം തന്നെയാണ് ഇപ്പോള്‍ ചാള്‍സ് മൂന്നാമന്റെ സുരക്ഷാചുമതല നിര്‍വഹിക്കുന്നത്. ഈ സംഘത്തിലെ അംഗമാണ് ആ ‘വെള്ളത്താടിക്കാരന്‍’. 2022 സെപ്റ്റംബര്‍ എട്ടിന് രാജ്ഞി അന്തരിച്ച ദിവസമാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധയില്‍പ്പെട്ടതെന്ന് മെട്രോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ കൊല്ലം ഒരു പൊതുപരിപാടിക്കിടെ ചാള്‍സ് മൂന്നാമന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു വനിതയുടെ ഫോണ്‍ ഇയാള്‍ ബലമായി പിടിച്ചുമാറ്റുന്നത് ക്യാമറകളില്‍ പതിഞ്ഞിരുന്നു. പിന്നീട് പലയവസരങ്ങളിലും ഇതേ ഉദ്യോഗസ്ഥന്‍ പൊതുജനങ്ങളോട് ഫോണ്‍ മാറ്റിപ്പിടിക്കാനാവശ്യപ്പെട്ടത് ജനങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് പല വീഡിയോ ദൃശ്യങ്ങളിലും ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഫാന്‍സിക്കുട കാണപ്പെട്ടത് ടിക് ടോക് തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ അത് വെറുമൊരു കുടയല്ലെന്നും മറിച്ച് അതിനുള്ളില്‍ തോക്കാണെന്നും മറ്റും അഭ്യൂഹങ്ങള്‍ക്കിട നല്‍കിയിരുന്നു.
എന്തായാലും പേരോ മറ്റോ ഇതുവരെ ലഭ്യമല്ലാത്ത ഈ സുരക്ഷാ ഉദ്യോഗസ്ഥന് ഓണ്‍ലൈന്‍ ലോകത്ത് നിരവധി ഫാന്‍സുണ്ട്. ഇദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും അടുത്ത ജയിംസ് ബോണ്ടായി ഇദ്ദേഹം വരണം, സോ ഹാന്‍സം ഗൈ, കംപ്ലീറ്റ് ജെന്റില്‍മാന്‍ എന്നൊക്കെയാണ് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല