1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2023

സ്വന്തം ലേഖകൻ: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്.

തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.

പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചതിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് നാട്. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടമുണ്ടായത്. 7 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. പുഴയുടെ മധ്യഭാഗത്തെത്തിയപ്പോൾ ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.