സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിന് തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്. വൈകീട്ട് 7.30-നാണ് നാൽപ്പതോളം വിനോദസഞ്ചാരികളുമായി ഹൗസ്ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടം നടന്നത്. തൂവൽതീരം അഴിമുഖത്തുനിന്ന് ആളുകളെ കയറ്റി നാലു കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ എത്തിക്കുന്നതാണ് സർവീസ്.
കെ.ടി.ഡി.സി.യുടെ അനുമതിയോടെ രണ്ടു തട്ടുകളുള്ള ബോട്ട് സ്വകാര്യവ്യക്തിയാണ് സർവീസ് നടത്തുന്നത്. പുഴയും കടലും ചേരുന്ന മുനമ്പിലാണ് ബോട്ടിനു സർവീസ് നടത്താൻ അനുമതി. അവധിദിനമായതിനാൽ സഞ്ചാരികളുടെ തിരക്ക് തൂവൽതീരത്ത് കൂടുതലായിരുന്നു. അവസാനത്തെ സർവീസാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുട്ടുനിറഞ്ഞ സമയത്ത് സർവീസ് നടത്തിയതാണ് അപകടത്തിനു പ്രധാന കാരണം. അവസാന സർവീസായതിനാൽ കൂടുതൽപേരെ കയറ്റിയിട്ടുണ്ടെന്നാണ് വിവരം. അമിതഭാരം കാരണം ബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞാണ് സഞ്ചരിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സാധാരണ ആറുമണിയോടെ നിർത്തുന്ന സർവീസാണിത്. ലൈഫ് ജാക്കറ്റുകൾ ഭൂരിഭാഗം പേരും ഉപയോഗിക്കാത്തത് അപകടത്തിന്റെ തീവ്രത കൂട്ടി.
അനുവദനീയമായതിൽക്കൂടുതൽ ആളുകളെ കയറ്റിയതാണ് പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന. അനുവദിച്ച സമയംകഴിഞ്ഞും യാത്ര തുടർന്നതായി പറയുന്നു. ഇരുപതുപേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 35-ൽ കൂടുതൽ ആളുകൾ കയറിയിട്ടുണ്ട്.
താനൂർ സ്വദേശി നാസറിന്റേതാണ് ബോട്ട്. ഇതുപോലെ നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദസഞ്ചാരം നടത്തുന്നുണ്ട്. ഒട്ടുംപുറത്തു നിന്ന് തുടങ്ങി മഴവിൽ വളവു തീർത്ത് പൂരപ്പുഴ പാലം വരെയെത്തി തിരിച്ചുപോവുകയാണ് പതിവ്. അരമണിക്കൂർ സഞ്ചാരത്തിന് നൂറു രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്ക് ഫീസില്ല.
വൈകീട്ട് ആറുവരെയാണ് അനുവദിച്ച സമയമെങ്കിലും അപകടം നടക്കുന്നത് ഏഴരയോടെയാണ്. ആറു മണിക്ക് ശേഷവും ഒന്നരമണിക്കൂറോളം സർവീസുകൾ തുടർന്നുവെന്നർത്ഥം. നേരത്തേയും പരിധിയിൽ കൂടുതൽ ആളുകളെ ബോട്ടുകളിൽ കയറ്റുന്നതിനെതിരേ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ബോട്ട് ഇരുനിലയുള്ള തായതും ഗ്ലാസ് കൊണ്ട് മൂടിയതും അപകടത്തിൻ്റെ ആഴം കൂട്ടി.
ആളുകളുടെ ദൃശ്യപരിധിക്ക് പുറത്തുള്ള മേഖലയിലാണ് ബോട്ട് മറിഞ്ഞത്. ആളുകളുടെ അലമുറ കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ ചെറുബോട്ടുമായി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ബോട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരെ എളുപ്പത്തിൽ രക്ഷിക്കാനായി. ഉള്ളിൽ കുടുങ്ങിപ്പോയവർ ബോട്ട് ചെളിയിലേക്ക് ആണ്ടു പോയപ്പോൾ അതിൽ പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല