സ്വന്തം ലേഖകൻ: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു.
നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.
മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ വാഹനം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിൻ്റെ സഹോദരനേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ബോട്ടുടമയായ നാസറിൻ്റെ ചിത്രം പൊലീസ് അല്പസമയം മുമ്പ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങല്‍ ബീച്ചിലെ താല്‍കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സര്‍വീസിനായി ബോട്ട് പുറപ്പെട്ടത്. പുറപ്പെട്ട് ഏതാണ്ട് 200 മീറ്ററുകള്‍ പിന്നിട്ടശേഷം തന്നെ ബോട്ട് അപകടത്തില്‍പെടുകയായിരുന്നു.
അനുവദനീയമായ സമയം കഴിഞ്ഞതിന് ശേഷവും ബോട്ട് സര്‍വീസ് നടത്തിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിന് പ്രദേശവാസികള്‍ പൊലീസില്‍ കേസ് നല്‍കിയിരുന്നു. ബോട്ടപകടത്തിൽ 22 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
ഗേറ്റിലൂടെ നോക്കിയാൽ വിശാലമായ മുറ്റം. ആ മുറ്റം നിറയെ ഈന്തപ്പനകൾ. അറേബ്യൻ നാടുകളിലെ ബംഗ്ളാവുകളെ ഓർമ്മിപ്പിക്കുന്ന കൂറ്റൻ വീടും. ഈ പറയുന്നത് താനൂരിൽ മറിഞ്ഞ ബോട്ടിന്റെ ഉടമ നാസറിന്റെ വീടിനെ കുറിച്ചാണ്. ദുരന്തം നടന്ന ഉടൻ തന്നെ നാസർ മുങ്ങിയെന്നാണ് സൂചന. താനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരം മാത്രമുള്ള വീട്ടിൽ നിന്നാണ് ഇയാൾ തടിതപ്പിയത്.
നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല