സ്വന്തം ലേഖകൻ: ലൈംഗികാരോപണം നേരിടുന്ന റെസ്‌ലിങ് ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ മേയ് 21 നുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന സമിതിയാണ് വിഷയത്തില്‍ അന്ത്യശാസനം നല്‍കിയിട്ടുള്ളത്.
ഗുസ്തി താരങ്ങളുടെ സമരം കര്‍ഷകരോ മറ്റോ കയ്യേറിയിട്ടില്ലെന്നും അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ അവരും പങ്കാളികളായതാണെന്നും ജന്തര്‍ മന്തറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു.) വക്താവ് രാകേഷ് ടികായത്ത്, ഖാപ് മേഹം 24 മേധാവി മെഹര്‍ സിങ്, സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) നേതാവ് ബല്‍ദേവ് സിങ് സിര്‍സ എന്നിവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.
റെസ്‌ലേഴ്‌സ് കമ്മിറ്റി സമരത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുമെന്നും തങ്ങള്‍ പുറമെ നിന്ന് താരങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു. മേയ് 21 ന് ഒരു യോഗം നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമായ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യമുണ്ടാകുകയോ ഗുസ്തി താരങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വരികയോ വരുന്ന പക്ഷം രാജ്യത്തെ മൊത്തം ജനങ്ങളും താരങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുമെന്നും ടികായത്ത് വ്യക്തമാക്കി.
കൂടുതല്‍ സാമുദായിക നേതാക്കളും കര്‍ഷകരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിച്ചേരുന്നതിനാല്‍ കൂടുതല്‍ ദ്രുതകര്‍മ സേനയെ (ആര്‍.പി.എഫ്.) സമരസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരമുഖത്തിന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങള്‍ക്കെതിരെ നടന്ന 13 മാസം നീണ്ട കര്‍ഷകസമരത്തിന്റെ ഛായയാണുള്ളത്. തലപ്പാവും ധോത്തിയും കുര്‍ത്തയുമണിഞ്ഞ നൂറ് കണക്കിന് കര്‍ഷകരാണ് ജന്തര്‍ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ പരാതി നല്‍കിയ ഏഴ് വനിതകളുടെ മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തി.
ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ കഴിഞ്ഞ പത്തുദിവസമായി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയും അഴിയ്ക്കുള്ളില്‍ അടയ്ക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.
അതേസമയം താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വാദം. തനിക്കെതിരേയുള്ള ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ തൂങ്ങിമരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ സുരക്ഷാ പരിശോധനയും പട്രോളിങ്ങും വര്‍ധിപ്പിച്ചിട്ടുണ്ട്. ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മിര്‍ തുടങ്ങിയിടങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന ദേശിയപാത 44-ലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 200 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും ടിക്രി അതിര്‍ത്തി, നാങ്ലോയി ചൗക്ക്, പീരാഗഢി ചൗക്ക്, മുന്ദ്ക ചൗക്ക് തുടങ്ങിയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല