സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ജനകീയ പ്രക്ഷോഭകരെ കൊന്നൊടുക്കി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്നതിനിടെ, മധ്യേഷ്യയില്‍ മറ്റൊരു സംഘര്‍ഷത്തിന്റെ കാര്‍മേഘ പടലം ഉരുണ്ടു കൂടുകയോ? ഇറാന്റെ ആണവമോഹം സൈനിക നടപടിയിലൂടെ തകര്‍ക്കാന്‍ സാധ്യത എന്നത്തെക്കാളും കൂടുതലെന്ന് ഇസ്രേലി പ്രസിഡന്റ് ഷിമോണ്‍ പെരസ്. ഇറാനെതിരേ സൈനിക നടപടി ഉണ്ടായാല്‍, ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ യുഎസ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ തയാറെടുപ്പ് ആരംഭിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. സൈനിക നടപടിയില്‍ ഈ രാജ്യങ്ങള്‍ പങ്കു ചേരുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.
ഇസ്രേലി ആക്രമണം സ്ഥിതിഗതികള്‍ വഷളാക്കുമെന്നും പ്രശ്ന പരിഹാരത്തിനു നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നുമുള്ള ആഹ്വാനവുമായി റഷ്യ രംഗത്തിറങ്ങിയതു മധ്യേഷ്യന്‍ പിരിമുറുക്കത്തിന്റെ വ്യാപ്തി വ്യക്തമക്കുന്നു. ആണവ ഗവേഷണം സമാധാന ആവശ്യങ്ങള്‍ക്കു മാത്രമെന്ന് ആണയിടുന്ന ഇറാന്, ബോംബ് നിര്‍മാണത്തിനു മാത്രം ആവശ്യമുള്ള പരീക്ഷണം ആരംഭിച്ചെന്ന സൂചനയാണു സൈനിക നടപടിക്കുള്ള സാധ്യത മുന്പത്തെക്കാള് ഏറെയെന്നു വ്യക്തമാക്കാന്‍ പെരസിനെ പ്രേരിപ്പിച്ചത്. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള അവസാന സാധ്യതയും ഇല്ലാതായെന്ന നിഗമനമാണ് ഇസ്രയേലിനുള്ളത്. അവര്‍ ഇക്കാര്യം സഖ്യകക്ഷികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടാണ് ഇറാന്റെ ആണവ പരിപാടി വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കിയത്. മുന്‍ സോവ്യറ്റ് ആണവ ശാസ്ത്രജ്ഞന് വ്യാച്ചെസ്ളാവ് ഡാനിലെങ്കോയുടെ സഹായത്തോടെ, ഇറാന് അണു ബോംബ് ഭാഗങ്ങള്‍ പരീക്ഷിച്ചതിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും ഐഎഇഎ റിപ്പോര്‍ട്ടെന്നാണു സൂചന. ബോംബ് ഭാഗങ്ങള്‍ പരീക്ഷിച്ചെന്നു കരുതുന്ന കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങളും ഐഎഇഎയ്ക്കു ലഭിച്ചിട്ടുണ്ടത്രേ. ഇറാന്റെ ആണവ പരിപാടികള്‍ സംബന്ധിച്ച് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുമ്പു പ്രകടിപ്പിച്ച ആശങ്കകള്‍ ശരിവയ്ക്കുന്നതാകും ഐഎഇയുടെ കണ്ടെത്തലുകള്‍ എന്നു കരുതപ്പെടുന്നു.
ഇറാനെക്കുറിച്ചു ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടരുതെന്ന് ഐഎഇഎയോടു റഷ്യ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണു കരുതപ്പെടുന്നത്. ഐഎഇഎ റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ വ്യാജമെന്ന വ്യാഖ്യാനവുമായി ഇറാന് രംഗത്തിത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസദ്ധീകരിച്ച് ഐഎഇഎയ്ക്കു നടപടികളുമായി മുന്‍പോട്ടു പോകാമെന്നാണു വിദേശകാര്യ മന്ത്രി അല്‍ അക്ബര്‍ സലേഹിയുടെ നിലപാട്. ഇറാന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദും വ്യക്തമാക്കിയിട്ടുണ്ട്. വന്‍ ശക്തികളെന്നു ഭാവിക്കുന്നവര്‍ക്ക് ഇറാനെതിരേ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഈജിപ്റ്റിലെ അല്‍ അക്ബര്‍ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ നെജാദ് അവകാശപ്പെട്ടു.
ഇറാനെതിരേ സൈനിക നടപടി ആവശ്യമാണോ എന്ന കാര്യത്തില്‍ ഇസ്രയേലില്‍ വ്യാപക ചര്‍ച്ച നടക്കുന്ന സമയമാണിത്. സൈനിക നടപടി വേണമെന്ന നിലപാടാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. ഈ നിലപാട് ഭരണ മുന്നണിയിലെ മറ്റു ഘടക കക്ഷികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ഐഎഇഎ റിപ്പോര്‍ട്ട് സഹായകമായേക്കും.
ഇറാന് അനുകൂല നിലപാടു സ്വീകരിക്കുന്ന റഷ്യയും ചൈനയും ഐഎഇഎ റിപ്പോര്ട്ടിന്മേല് എന്തു നിലപാടു സ്വീകരിക്കുമെന്നതു തുടര്‍നടപടികളെ സ്വാധീനിക്കുമെന്നു തീര്‍ച്ച. ഇറാനെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ റഷ്യയെയും ചൈനയെയും ബോധ്യപ്പെടുത്താന്‍ ഉതകുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കുമിത്. ഐഎഇഎ നിഗമനങ്ങള്‍ക്ക് ആധാരമായ രേഖകള്‍ വ്യാജമാണെന്നു റഷ്യയെയും ചൈനയെയും ബോധ്യപ്പെടുത്താന്‍ ഇറാനു സാധിക്കുമോ? റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഗുരുതരമെന്നു കരുതിയാണോ അത് ഇപ്പോള്‍ പ്രസിദ്ധീകരിക്കരുതെന്നു റഷ്യ അഭ്യര്‍ഥിച്ചതെന്ന് അറിയാനിരിക്കുന്നതേയുള്ളു.
ഏതാനും ആഴ്ച മുമ്പ് ഇസ്രയേല്‍ നടത്തിയ മിസൈല്‍ കവച പരീക്ഷണം ആക്രമണ മുന്നൊരുക്കമായി ചില നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നുണ്ട്. സര്‍ദീനിയയിലെ നാറ്റോ താവളത്തില്‍ ഇസ്രയേല്‍ ദീര്‍ഘദൂര ആക്രമണം പരിശീലിച്ചത് ഇറാനെ ലക്ഷമാക്കിയെന്ന് ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം യുഎസ് കൈമാറിയ ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ കോണ്‍ക്രീറ്റ് കോട്ടകള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുമത്രേ. മീറ്ററുകള്‍ കട്ടിയുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തകര്‍ക്കാന്‍ ഈ ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ക്കു സാധിക്കും. യുഎസ് ഇത്തരം 55 ബോംബുകളാണ് ഇസ്രയേലിനു കൈമാറിയിട്ടുള്ളത്.
ഇറാക്ക് വ്യോമാതിര്‍ത്തി ഉപയോഗിച്ചാകും ഇസ്രയേല്‍ ആക്രമണം നടത്തുകയെന്നാണു കണക്കുകൂട്ടല്‍. ഇറാക്കില്‍ ഇപ്പോള്‍ വിമാനവേധ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമല്ലാത്തത് ഇസ്രേലി നടപടി എളുപ്പമാക്കുമത്രേ. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനു സൗദി അറേബ്യ വ്യോമാതിര്‍ത്തി തുറന്നു നല്കുമെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്ത സൗദി അറേബ്യ നിഷേധിക്കുകയാണ് ഉണ്ടായത്. അറബ് രാജ്യമല്ലാത്ത ഇറാന് (ഷിയാ) ആണവ ശക്തിയാര്‍ജിക്കുന്നതിനെ സൗദി ഉള്‍പ്പെടെയുള്ള അറബ് (സുന്നി) രാഷ്ട്രങ്ങള്‍ എതിര്‍ക്കുമെന്ന പ്രതീക്ഷയാണ് ഈ നിഗമനങ്ങള്‍ക്ക് അടിസ്ഥാനം.
ഇസ്രേലി-ഇറാന് നേതാക്കളുടെ വാചകക്കസര്‍ത്തുകള്‍ക്കും വീമ്പിളക്കലുകള്ക്കും അപ്പുറം എന്തെങ്കിലും സംഭവിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇപ്പോള്‍ നടക്കുന്നതു വാക്പയറ്റുകള് മാത്രമെന്നു കരുതുന്നവരുമുണ്ട്. ഐഎഇഎ റിപ്പോര്‍ട്ട് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി ക്ഷണിച്ചു വരുത്തില്ലെന്ന് 80 ശതമാനം ഉറപ്പെന്ന് അവ്നര്‍ കോഹന്. മോനിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ മധ്യേഷ്യന്‍ വിദഗ്ധനാണ് അദ്ദേഹം.
പരസ്യ പ്രസ്താവനകളല്ലാതെ, യഥാര്‍ഥ സൈനിക നടപടിക്കുള്ള യാതൊരു മുന്നൊരുക്കവും ഇസ്രയേലില്‍ നടക്കുന്നില്ലെന്നാണു കോഹന്റെ നിഗമനം. എന്നാല്‍, ഐഎഇഎ റിപ്പോര്‍ട്ട് ഇറാനെതിരേയുള്ള സമ്മര്‍ദം ശക്തമാക്കാനുള്ള ആയുധമായി ഇസ്രയേല്‍ ഉപയോഗിക്കും. ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യയെയും ചൈനയെയും സമ്മതിപ്പിക്കുകയാകും ഇസ്രയേലിന്റെ ലക്ഷ്യമെന്ന് കോഹന് കണക്കുകൂട്ടുന്നു. ഇറാനെതിരേ കൂടുതല്‍ ഉപരോധത്തിനു വഴങ്ങിയില്ലെങ്കില്‍ യുദ്ധം ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇസ്രയേല്‍ ഇത് അവസരമാക്കു.
ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കുന്നത് ഇസ്രയേലിനു കൂടുതല്‍ ദോഷം ചെയ്യുമെന്നാണു കോഹന്റെ വിലയിരുത്തല്‍. ആക്രമണം ഉണ്ടായാല്‍, ഇറാന് ഐഎഇഎ ബന്ധം വിച്ഛേദിച്ചു സ്വന്തം വഴി നോക്കുന്നതു സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. മധ്യേഷ്യയിലെ ആണവ കുത്തക നിലനിര്‍ത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നാണു കോഹന്റെ നിഗമനം. ആണവ ശക്തിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇസ്രയേലിന്റെ പക്കല്‍ 300ലധികം അണുബോംബുകള്‍ ഉണ്ടെന്നു കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല