സ്വന്തം ലേഖകൻ: 2022 ലോറസ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോകത്തിലെ ഏറ്റവും മികച്ച പുരുഷകായികതാരത്തിനുള്ള പുരസ്കാരമാണ് മെസ്സി സ്വന്തമാക്കിയത്. 2022-ല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് കിരീടം നേടിക്കൊടുത്തതിന്റെ കരുത്തിലാണ് താരം പുരസ്കാരത്തിന് അര്‍ഹനായത്. മെസ്സിയെത്തേടി രണ്ടാം തവണയാണ് ലോറസ് പുരസ്കാരമെത്തുന്നത്. 2020-ലും മെസ്സി പുരസ്കാരം നേടിയിരുന്നു.
35 കാരനായ മെസ്സി ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അത്ഭുതപ്രകടനമാണ് പുറത്തെടുത്തത്. ഏഴുഗോളുകളും മൂന്ന് അസിസ്റ്റും താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നു.ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും മെസ്സിയാണ് സ്വന്തമാക്കിയത്. ഏഴ് തവണ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്കാരം നേടിയ മെസ്സിയ്ക്ക് മറ്റൊരു പൊന്‍തൂവലായി ഈ ലോറസ് പുരസ്കാരം. കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, മാക്സ് വെസ്റ്റപ്പന് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് മെസ്സി പുരസ്കാരത്തില്‍ മുത്തമിട്ടത്.
ജമൈക്കയുടെ ഓട്ടക്കാരി ഷെല്ലി ആന്‍ ഫ്രേസര്‍ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം നടന്ന ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ആന്‍ ഫ്രേസറാണ് സ്വര്‍ണം നേടിയത്. 36 കാരിയായ ആന്‍ ഫ്രേസര്‍ ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ അഞ്ചുസ്വര്‍ണം നേടുന്ന ആദ്യ താരമായി മാറി.
മികച്ച ടീമായി 2022 ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീനയെ തിരഞ്ഞെടുത്തു. ഇത് മെസ്സിയ്ക്ക് ഇരട്ടനേട്ടമായി. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് മെസ്സിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടത്. സ്പെയിനിന്റെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കാര്‍ലോസ് അല്‍ക്കാരസ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. തിരിച്ചുവരവിനുള്ള പുരസ്കാരം ഡെന്മാര്ക്കിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്സണ് സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല