1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2023

സ്വന്തം ലേഖകൻ: കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ ജുബൈലിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ നേരത്തെ ഇയാൾ സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്.

താനൂർ സ്വദേശിയായ നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്ന് പറയപ്പെടുന്നു. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടയ്ക്ക് നിർത്തി വയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഒളിവിൽപോയ ‌‌നാസറിനെ ഇന്നലെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്.

ഇയാളെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽ 22 പേരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബോട്ട് ഉടമ നാസറിനെതിരേ നരഹത്യാ കുറ്റം ചുമത്തി. അപകടം ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും ബോട്ട് സർവീസ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം എസ്.പി. സുജിത്ത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലക്കുറ്റമായിട്ടാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കുറ്റകരമായ നരഹത്യ, കൊലയായിട്ടാണ് കണക്കാക്കുന്നത്. ഐ.പി.സി. 302 ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്രാങ്ക് ദിനേശൻ ഇപ്പോൾ ഒളിവിലാണ്. നാസറിനെ ചോദ്യം ചെയ്ത ശേഷം മറ്റുള്ള പ്രതികളേയും വൈകാതെ തന്നെ പിടികൂടും’ – എസ്.പി. പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.