സ്വന്തം ലേഖകൻ: എയർഹോസ്റ്റസായ യുവതി സഹോദരനെ ജോലിചെയ്യുന്ന വിമാനത്തിൽ നിന്നു കാണുന്നതിന്റെ ഹൃദ്യമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഹമ്മദ് കബീർ എന്ന ട്വിറ്റർ യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തില്‍ കയറിയശേഷം തന്റെ സീറ്റിൽ ഇരിക്കുന്ന യുവാവിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്.
തുടർന്ന് യുവാവിന്റെ എയർഹോസ്റ്റസായ സഹോദരി വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാരെ അറിയിക്കുന്നതും വിഡിയോയിൽ കാണാം. ഇരുവരും പരസ്പരം നോക്കി ചിരിക്കുന്നതും വിഡിയോയിൽ ഉണ്ട്. അവസാനം അദ്ദേഹം തന്റെ സഹോദരിയോടും വിമാനത്തിലെ മറ്റുജീവനക്കാരോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിഡിയോയിൽ കാണാം.
‘വിമാനത്തിലെ ജീവനക്കാരി എന്റെ സഹോദരി’– എന്ന കുറിപ്പോടെയാണ് വിഡിയോ. ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്.
‘ഇവിടെ നിങ്ങൾ ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ അവർക്ക് ഇല്ല എന്നു പറയാൻ സാധിക്കില്ല. നിങ്ങൾ ഏറ്റവും ഭാഗ്യമുള്ള സഹോദരനാണ്’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘ഒരിക്കല്‍ ഞാനും എന്റെ മൂത്ത സഹോദരനും ഇങ്ങനെ കണ്ടുമുട്ടും.’– എന്ന രീതിയിലും കമന്റുകൾ എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല