1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2023

സ്വന്തം ലേഖകൻ: വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി. ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവെച്ചത്.

താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ്പ് പശ്ചാത്തലത്തില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡാബിരി ആരോപിക്കുന്നു. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്റെ ടൈംലൈനാണ് ഡാബിരി പങ്കുവെച്ചത്.

അതേസമയം ഈ ട്വീറ്റിനോട് പ്രതികരിച്ച ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് വാട്‌സാപ്പിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വാട്‌സാപ്പ് അടിയന്തിരമായി ഇടപെട്ടു. പരാതി ഉന്നയിച്ച ആളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് വാട്‌സാപ്പ് ട്വീറ്റ് ചെയ്തു.

ഇത് ആന്‍ഡ്രോയിഡ് ഓഎസിലുണ്ടായ സാങ്കേതിക പ്രശ്‌നമാണെന്ന് വാട്‌സാപ്പ് പറഞ്ഞു. പ്രൈവസി ഡാഷ്‌ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതാണ് ഇതെന്നും ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ആണ് ഗൂഗിള്‍ എഞ്ചിനീയര്‍ ഉപയോഗിക്കുന്നതെന്നും സംഭവം അന്വേഷിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സാപ്പ് പറഞ്ഞു.

മൈക്രോഫോണ്‍ സെറ്റിങ്‌സിന്റെ സമ്പൂര്‍ണ നിയന്ത്രണം ഉപഭോക്താവിനാണെന്നും വാട്‌സാപ്പിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും വോയ്‌സ്/വീഡിയോ കോളുകള്‍ക്കും വേണ്ടി മാത്രമാണ് മൈക്ക് ഉപയോഗിക്കാറുള്ളതെന്നും വാട്‌സാപ്പ് വ്യക്തമാക്കി.അതേസമയം നിരവധി ഉപഭോക്താക്കള്‍ ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നുണ്ട്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വാട്‌സാപ്പ് സന്ദേശങ്ങളുടെ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

മുമ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറ്റ് കമ്പനികളുമായി പങ്കുവെക്കുമെന്ന പ്രൈവസി പോളിസി വ്യവസ്ഥ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സമയത്ത് വാട്‌സാപ്പ് ഉപേക്ഷിക്കൂവെന്ന് ആഹ്വാനം ചെയ്ത പ്രധാന വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. സിഗ്നല്‍ ആപ്പ് ഉപയോഗിക്കാനായിരുന്നു മസ്‌കിന്റെ ഉപദേശം. അന്ന് വാട്‌സാപ്പ് വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും പിന്നീട് എല്ലാം സാധാരണ നിലയിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.