മോഹന്‍ലാലിന് പ്രിയാമണി നായികയാകുന്നു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് പ്രിയാമണി നായികയാകുന്നത്. ഇതാദ്യമായാണ് പ്രിയാമണി ലാലിന്റെ നായികയാകുന്നത്. മോഹന്‍ലാലിന്റെ നായികയാകുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പ്രിയാമണി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രിയയുടെ ആഗ്രഹം ഗ്രാന്റ്മാസ്റ്ററിലൂടെ സഫലമാകുകയാണ്.
ദീപ്തി എന്നാണ് പ്രിയാമണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു. ഇപ്പോള്‍ വിവാഹമോചിതയാണ്. ദീപ്തിയുടെ മാനസിക സംഘര്‍ഷങ്ങളുടെ കഥ കൂടിയാണ് ഗ്രാന്റ്മാസ്റ്റര്‍.
ഡിസംബര്‍ മൂന്നിന് കൊച്ചിയിലാണ് ഗ്രാന്റ്മാസ്റ്റര്‍ ചിത്രീകരണം ആരംഭിക്കുന്നത്. തലൈവാസല്‍ വിജയ്, ജഗതി, സിദ്ദിഖ്, സമ്പത്ത് തുടങ്ങിയവരും പ്രധാന താരങ്ങളാണ്. യു ടി വി മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്രാന്റ്മാസ്റ്റര്‍ പൂര്‍ണമായും ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് യു ടി വി അധികൃതര്‍ അറിയിച്ചു.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ഒരു വിവാഹ മോചിതനാണ്. ഇരുണ്ട ഒരു നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. ചുറ്റും അഹിതമായതൊക്കെ സംഭവിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം പിന്‍വലിഞ്ഞ് അയാള്‍ ഒതുങ്ങിക്കൂടി. എന്നാല്‍ ഒരിക്കല്‍, തന്റെ കടമകളിലേക്ക്, ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങിയെത്താന്‍ അയാള്‍ നിര്‍ബന്ധിതനായി. എതിരാളിയുടെ 65 നീക്കങ്ങള്‍ വരെ മുന്‍കൂട്ടി കാണാന്‍ കഴിവുള്ള ഒരു ഗ്രാന്റ്മാസ്റ്ററെ പോലെ അയാള്‍ മുന്നേറ്റം തുടങ്ങി. പക്ഷേ ഒരിക്കല്‍, ഒരിക്കല്‍ മാത്രം അയാള്‍ക്ക് ചുവടുപിഴച്ചു. അതിന് അയാള്‍ക്ക് പകരം നല്‍കേണ്ടിവന്നത് തന്റെ ജീവിതം തന്നെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല