സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്കാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ഫെബ്രുവരി 27-ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഡ്യൂട്ടിയിലുള്ള എയര്‍ ഇന്ത്യ സ്റ്റാഫിനെയാണ് പൈലറ്റ് കോക്പിറ്റില്‍ കയറാന്‍ അനുവദിച്ചത്. ഇവര്‍ യാത്രക്കാരിയായിട്ടായിരുന്നു വിമാനത്തില്‍ കയറിയത്. കോക്പിറ്റില്‍ കയറിയ ഇവരെ അവിടെ തുടരാനും അനുവദിച്ചു. ഇതാണ് നടപടിക്ക് കാരണമായത്.
സുരക്ഷാ വീഴ്ചയായിരുന്നിട്ട് പോലും സംഭവത്തില്‍ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നില്ലെന്ന് ഡി.ജി.സി.എ. ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ നടപടിക്കെതിരെ മുന്നറിയിപ്പ് നല്‍കാതിരുന്ന കോ പൈലറ്റിനെയും ഡി.ജി.സി.എ. ശാസിച്ചു. വനിതാ സുഹൃത്തിനെതിരെ നടപടിയെടുക്കാനും ഡി.ജി.സി.എ. എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചു.
പൈലറ്റിനെതിരെ ക്യാമ്പില്‍ ക്രൂവാണ് പരാതി നല്‍കിയിരുന്നത്. തന്റെ വനിതാ സുഹൃത്ത് ഉള്ളില്‍ക്കടക്കുന്നതിന് മുന്‍പ്, കോക്ക്പിറ്റിന്റെ ഉള്‍വശം ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്രൂവിനോട് ആവശ്യപ്പെട്ടതായി പരാതിയിലുണ്ടായിരുന്നു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം ഈ സുഹൃത്തിന് നല്‍കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചു.
എക്കണോമി ക്ലാസില്‍ തന്റെ ഒരു വനിതാ സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരുടെ സീറ്റ് അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയാണെന്നുമാണ് പൈലറ്റ് പറഞ്ഞത്. എന്നാല്‍, ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് കാബിന്‍ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തിനെ കോക്ക്പിറ്റില്‍ എത്തിക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.
ക്യാപ്റ്റന്റെ സുഹൃത്തിന് സുഖമായി ഇരിക്കാന്‍ തലയിണകള്‍ നല്‍കാനും നിര്‍ദേശിച്ചിരുന്നു. വനിതാ സുഹൃത്തിന് കോക്ക്പിറ്റിനുള്ളില്‍ മദ്യവും ലഘുഭക്ഷണവും എത്തിച്ചു നല്‍കാന്‍ പൈലറ്റ് നിര്‍ദേശിച്ചു. ഏകദേശം ഒരു മണിക്കൂര്‍ പൈലറ്റിന്റെ വനിതാസുഹൃത്ത് കോക്ക്പിറ്റിനുള്ളില്‍ ചെലവഴിച്ചുവെന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല