1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ വ്യക്തമായ ജനവിധിയില്‍ ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസില്‍ ഇനി മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേരുക. ഇതില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് നേരത്തേ മുതല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.

നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിലെ ജനപ്രീതിയുള്ള മുഖവുമായ സിദ്ധരാമയ്യക്കൊപ്പമോ പി.സി.സി. അധ്യക്ഷനും വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവുമായ ഡി.കെ. ശിവകുമാറിനൊപ്പമാണോ ഭൂരിപക്ഷം എം.എല്‍.എമാര്‍ നില്‍ക്കുകയെന്നതാണ് ചോദ്യം. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദത്തില്‍ ഒരവസരം കൂടെ നല്‍കാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്. എം.എല്‍.എമാരുടെ മനസ്സറിഞ്ഞ ശേഷം ഹൈക്കമാന്‍ഡാവും അവസാനതീരുമാനമെടുക്കുക. സംസ്ഥാനത്ത് നിന്നുള്ള നേതാവെന്ന നിലയില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിലപാട് നിര്‍ണായകമാവും.

മുഖ്യമന്ത്രി പദത്തില്‍ ഒരിക്കല്‍ക്കൂടിയെത്തണമെന്ന ആഗ്രഹം സിദ്ധരാമയ്യക്കുണ്ട്. ഇത്തവണത്തേത് തന്റെ അവസാനമത്സരമാണെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിതാവിനെ മുഖ്യമന്ത്രിയായി കാണമെന്ന ആഗ്രഹം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര കഴിഞ്ഞ ദിവസം തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖാര്‍ഗെ ശിവകുമാറിനെ പിന്തുണച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റുപേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും, ഡി.കെ, സിദ്ധരാമയ്യ എന്നിവരില്‍ നിന്ന് ഒരാളെയേ ഭരണതലപ്പത്തേക്ക് പരിഗണിക്കുകയുള്ളൂവെന്നാതാണ് വ്യക്തമായ ചിത്രം. ഖാര്‍ഗെയുടെ പേര് നേരത്തേ മുതല്‍ പ്രചരിക്കുന്നുണ്ടെങ്കിലും അദ്ദേഹവും പാര്‍ട്ടിയും അത് പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്. മുമ്പ് മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയിലാണ് ഖാര്‍ഗെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. മുഖ്യമന്ത്രി സ്ഥാനം മറ്റുള്ളവര്‍ക്ക് വേണ്ടി മാറിക്കൊടുത്ത ഖാര്‍ഗെ പിന്നീട് എ.ഐ.സി.സി. അധ്യക്ഷനായെന്നതും ശ്രദ്ധേയമാണ്.

ലിംഗായത്ത് നേതാവായ എം.ബി. പാട്ടീല്‍, പാര്‍ട്ടിയുടെ ദളിത് മുഖമായ ജി. പരമേശ്വര, മുന്‍ ജെ.ഡി.എസ്. നേതാവുകൂടിയായ സതിഷ് ജര്‍ക്കിഹോളി എന്നിവരുടെ പേരും തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇവരെ പരിഗണിക്കാന്‍ സാധ്യതയില്ല. പകരം ഉപമുഖ്യമന്ത്രിമാരായി ഇവരില്‍ അരെയെങ്കിലും പരിഗണിച്ചേക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ഡി.കെ. ശിവകുമാറടക്കം മൂന്ന് ഉപമുഖ്യമന്ത്രിമാരെന്ന നിര്‍ദേശവും പരിഗണിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.