1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2023

സ്വന്തം ലേഖകൻ: കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന്റെ വിപണിമൂല്യം എത്രയാണെന്ന വിവരം എന്‍.സി.ബി. പുറത്തുവിട്ടത്.

കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്‍കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്താന്‍ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് പൊതിയാന്‍ ഉപയോഗിച്ച കവറുകളും ചാക്കുകളും പാകിസ്താനില്‍ നിര്‍മിച്ചവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. തുടര്‍ന്ന് മാഫിയസംഘത്തില്‍പ്പെട്ടവര്‍ ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇതിലൊരു ബോട്ട് പിന്തുടര്‍ന്നാണ് പാകിസ്താന്‍ സ്വദേശിയെ പിടികൂടിയത്. കടലില്‍ മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ലഹരിമരുന്നും പിടിച്ചെടുക്കുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിച്ചതാണെന്നാണ് എന്‍.സി.ബി. നല്‍കുന്നവിവരം. പാകിസ്താനില്‍ നിര്‍മിച്ച ലഹരിമരുന്ന് ഇറാനില്‍ എത്തിച്ച് അവിടെനിന്നാണ് കടല്‍മാര്‍ഗം കടത്തിയത്. പുറംകടലില്‍വെച്ച് കപ്പലില്‍നിന്ന് ചെറിയ ബോട്ടുകളിലായാണ് ഇവ തീരത്ത് എത്തിച്ചിരുന്നതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.