സ്വന്തം ലേഖകൻ: ബഹ്റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസ് ഈ മാസം 25 മുതൽ പുനരാരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവീസ് പുനരാരംഭിക്കുന്നത്. ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ സംഭാഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലും വിവിധ ചർച്ചകൾ നടന്നു.
അതിനിടെ സർക്കാർ ജീവനക്കാരുടെ ശമ്പളം ഈ മാസം 21ന് നൽകാൻ ബഹ്റെെൻ മന്ത്രിസഭ നിർദേശിച്ചു. കഴിഞ്ഞ മാസം വേതനം നേരത്തെ നൽകിയതിനാൽ രണ്ട് മാസങ്ങൾക്ക് ഇടയിൽ വലിയ ദൂരം വന്നു. അത് കുറക്കാൻ വേണ്ടിയാണ് നേരത്തെ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജോലിയിൽ നിന്നും വിരമിച്ചവരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 236 പേരുടെ അപേക്ഷകൾ സ്വീകരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയിട്ടുണ്ട്.
ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം ആണ് അദ്ദേഹം ഇക്കാര്യ അറിയിച്ചത്. 69 പേരുടെ വിഷയത്തിലും നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല