സ്വന്തം ലേഖകൻ: വ്യവസായ പ്രമുഖനും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനില്‍ ആയിരുന്നു അന്ത്യം. കുറച്ചുകാലമായി ഡിമന്‍ഷ്യ ബാധിതനായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്.പി. ഹിന്ദുജ. കമ്പനി വക്താവാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മരണവാര്‍ത്ത അറിയിച്ചത്.
1935 നവംബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് എസ്.പി. ഹിന്ദുജയുടെ ജനനം. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 1952-ലാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനും പിതാവുമായ പി.ഡി. ഹിന്ദുജയ്ക്കൊപ്പം കുടുംബ ബിസിനസിലേക്ക് കടക്കുന്നത്. ഭാര്യ മധു, ഇക്കൊല്ലം ജനുവരിയില്‍ മരിച്ചു. ഷാനു, വിനു എന്നീ രണ്ട് പെണ്മക്കളാണ് എസ്.പി. ഹിന്ദുജ-മധു ദമ്പതിമാര്‍ക്ക്.
ബാങ്കിങ്, കെമിക്കല്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ചു കിടക്കുന്നത്. രണ്ടുലക്ഷത്തില്‍ അധികംപേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് എസ്.പി. ഹിന്ദുജയുടെ സഹോദരങ്ങള്‍. സ്വീഡിഷ് ആയുധനിര്‍മാതാക്കളായ എ.ബി. ബൊഫോഴ്സിന് ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് കരാര്‍ കരസ്ഥമാക്കാന്‍ അനധികൃതമായി കമ്മിഷന് ഇനത്തില്‍ ഏകദേശം 81 ദശലക്ഷം സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന ആരോപണം എസ്.പി. ഹിന്ദുജയ്ക്കും ഗോപീചന്ദിനും പ്രകാശിനും എതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല