1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്നുകാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ.

കഴിഞ്ഞവർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. 2021-ൽ ഇത് 300 ആയിരുന്നു. ഇക്കൊല്ലം ആറുമാസം തികയുംമുമ്പേ രജിസ്റ്റർചെയ്യപ്പെട്ടത് 150-ഓളം കേസുകളാണെന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു.

ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരോദിവസവും പുതിയരീതികളാണ്. വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. ഇത്തരത്തിൽ തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി.

യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലിയുണ്ടെന്ന പേരിലും പെൻസിൽ പായ്ക്കുചെയ്യുന്ന ജോലിയുടെ പേരിലുമൊക്കെ പലർക്കും പണംനഷ്ടമായി. ലണ്ടൻ സ്വദേശിയാണെന്നും സ്വർണത്തിന്റെ വ്യാപാരമാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതും അടുത്തദിവസമാണ്.

തട്ടിപ്പുകൾ വ്യാപകമായതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കിങ് സ്ഥാപനങ്ങളും പലവട്ടം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, ‌ഒരു മാറ്റവുമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരേന്ത്യയിൽനിന്നുള്ള സംഘമാണ് പല തട്ടിപ്പുകളുടെയും പിന്നിൽ. ഝാർഖണ്ഡിലെ ജംതാരയാണ് പലപ്പോഴും തട്ടിപ്പിന്റെ ഉറവിടമാകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.