1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ജനപ്രിയതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമടക്കം മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം.

അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായ പൊതുപരിപാടിക്ക് ഇപ്പോള്‍ത്തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുഎസിലെ പ്രമുഖ വ്യക്തികള്‍ ടിക്കറ്റുകള്‍ക്കായി അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മോദിയോട് പറഞ്ഞു.

മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിഡ്‌നിയിലും വലിയ ജനത്തിരക്കാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചൂണ്ടിക്കാട്ടി. സിഡ്‌നിയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ പൊതുപരിപാടിയില്‍ പരമാവധി ഇരുപതിനായിരം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതിലും എത്രയോ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തേക്കുറിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു. വളരെ അനായാസമായി ജനങ്ങളെ കൈകാര്യംചെയ്യാന്‍ മോദിക്ക് സാധിക്കുന്നത് എങ്ങനെയെന്ന് ബൈഡനും ആന്റണി അല്‍ബനീസും അത്ഭുതം പ്രകടിപ്പിച്ചതായും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.