സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ നീക്കവുമായി കുവൈത്ത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആണ് പുതിയ തീരുമാനങ്ങൾ എന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.
രാജ്യത്ത് ചില മേഖലകളിൽ തൊഴിൽക്ഷാമം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടിയാണ് കൂടുതൽ തൊഴിലാളികളെ എത്തിക്കാൻ തീരുമാനിച്ചത്. കുവെെറ്റിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നിർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം അവസാനം ഫിലിപ്പൈന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തും.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളെ വീണ്ടും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കാൻ ആണ് സാധ്യത. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മാൻപവര്‍ പബ്ലിക് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് ദിവസേന അടിസ്ഥാനത്തില്‍ എട്ട് മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ദിവസം വിശ്രമം, ഓവർടൈം വേതനം എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് ഫിലിപ്പൈൻസ് അധികൃതർ മുന്നോട്ടു വെക്കുന്നത് എന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല