സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിള്‍ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളില്‍ ഇതിനകം എഡിറ്റ് ഫീച്ചര്‍ ലഭ്യമാണ്.
മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയച്ച സന്ദേശങ്ങളിലുണ്ടാവുന്ന വ്യാകരണ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവയെല്ലാം തിരുത്തുന്നതിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. 15 മിനിറ്റ് മാത്രമാണ് ഇതിനുള്ള സമയം ലഭിക്കുക.
അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍, എഡിറ്റ് ചെയ്യേണ്ട സന്ദേശത്തില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. എഡിറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ക്കൊപ്പം Edited എന്നൊരു ലേബല്‍ ഉണ്ടാവും. എന്നാല്‍ എഡിറ്റ് ഹിസ്റ്ററി പ്രദര്‍ശിപ്പിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല