സ്വന്തം ലേഖകൻ: ബലിപെരുന്നാളും മധ്യവേനലവധിയും മുന്നിൽക്കണ്ട് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി എയർലൈനുകൾ. ബലിപെരുന്നാൾ ജൂൺ 28-ന് ആകാനാണ് സാധ്യത. പെരുന്നാളിന് ഒരാഴ്ച അവധി ലഭിക്കുമെന്നാണ് കരുതുന്നത്. ജൂൺ അവസാനത്തോടെ വേനലവധിക്കായി യുഎഇയിലെ സ്കൂളുകൾ അടയ്ക്കും. സ്കൂളുകൾ അടച്ചാൽ കുടുംബസമേതം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരുണ്ട്. എന്നാൽ, വിമാനക്കമ്പനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിക്കും.
തിരക്കില്ലാത്ത സമയങ്ങളിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 1000 ദിർഹത്തിൽ (ഏകദേശം 22,000 രൂപ) താഴയേ ടിക്കറ്റ് നിരക്കുള്ളൂ. നിലവിൽ 2000 ദിർഹത്തിന് (ഏകദേശം 45,000 രൂപ) മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നൽകേണ്ടത്. ഇത് ഓരോ ദിവസവും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് പോയിവരാൻ 3000 ദിർഹത്തിന് (ഏകദേശം 67,000 രൂപ) മുകളിൽ നൽകണം. ജൂൺ അവസാനവാരം മുതൽ ബജറ്റ് വിമാനകമ്പനികളുടെ ടിക്കറ്റിനുവരെ 2000 ദിർഹത്തിലേറെ നൽകണം. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയെല്ലാം 3200 ദിർഹം (ഏകദേശം 72,000 രൂപ) വരെ ഈടാക്കുന്നുണ്ട്.
വിമാന സർവീസുകൾ കുറഞ്ഞതാണ് അമിതമായ നിരക്കുവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരിൽനിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഗോ ഫസ്റ്റ് സർവീസുകൾ താത്കാലികമായി നിർത്തിയതിനാൽ ആ വിമാനത്തിൽ ടിക്കറ്റ് എടുത്തവർ പ്രതിസന്ധിയിലായിരിക്കുകയാണ്. സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ മറ്റേതെങ്കിലും വിമാനത്തിൽ ടിക്കറ്റെടുക്കാൻ ഇവർ നിർബന്ധിതരാകും. എയർഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവീസുകൾ മാർച്ച് അവസാനംമുതൽ പൂർണമായും നിർത്തിയതും വിമാനനിരക്കിലെ വർധനയ്ക്ക് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല