
സ്വന്തം ലേഖകൻ: ഒമാനിൽ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സ്വന്തമാക്കാം. സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷിക്കാമെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ സേവനങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റിന് പുറമെ, ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ ആർ.ഒ.പി സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന വിവര സാങ്കേതിക പ്രദർശനമായ ‘കോമെക്സ് 2023’ലാണ് സേവനങ്ങൾ പ്രഖ്യാപിച്ചത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്രിമിനൽ എൻക്വയറീസ് ആൻഡ് ഇൻവെസ്റ്റിഗേഷനാണ് ഈ സേവനം നൽകുന്നത്. സുൽത്താനേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും ഒമാനിന് പുറത്തുള്ള താമസക്കാർക്കായി ആർ.ഒ.പി വെബ്സൈറ്റ് വഴിയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാം. പൗരന്മാർക്കും താമസക്കാർക്കും മൊബൈൽ ആപ്ലിക്കേഷനിൽ അപേക്ഷിക്കണമെങ്കിൽ ആക്ടിവായ സിം കാർഡ് ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരന്മാരാണെങ്കിൽ ഒ.ടി.പി ലഭിക്കുന്നതിന് ആക്ടിവായ മൊബൈൽ നമ്പർ നിർബന്ധമാണ്.
സുൽത്താനേറ്റിന് പുറത്തുള്ള വിദേശികൾക്ക്, അവർ ഒമാനിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച അവസാന പാസ്പോർട്ടും ഒമാനിൽ താമസിക്കുന്ന കാലയളവിൽ സിവിൽ സ്റ്റാറ്റസ് പ്രകാരം നൽകിയ സിവിൽ നമ്പറും നൽകണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൗരന്മാരിൽനിന്ന് മൂന്ന് റിയാലും പ്രവാസികളിൽനിന്ന് 20ഉം ഈടാക്കും. അപേക്ഷകന്റെ പേരിൽ ക്രിമിനൽ കുറ്റങ്ങളോ മറ്റോ ഉണ്ടോ എന്ന് അേന്വഷിച്ച് വ്യക്തത വരുത്തി ഒരു രാജ്യത്തെ പൊലീസോ സർക്കാർ ഏജൻസികളോ നൽകുന്ന സർട്ടിഫിക്കറ്റാണ് പൊലീസ് ക്ലിയറൻസ്. അറസ്റ്റ്, ശിക്ഷാവിധി തുടങ്ങിയവയെല്ലാം ഒരുപക്ഷേ ക്രിമിനൽ നടപടികളുടെ പരിധിയിൽ ഉൾപ്പെട്ടേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല