
സ്വന്തം ലേഖകൻ: കേംബ്രിജിലെ ഏഷ്യൻ വംശജനായ ആദ്യത്തെ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്.
2013ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി ബിരുദം നേടി. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്നും എംപ്ലോയ്മെന്റ് ലോയിൽ ഉന്നത ബിരുദവും നേടി. 2018ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ മണ്ഡലത്തിൽനിന്നും ലേബർ ടിക്കറ്റിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു 2022ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനൽ ഡിഫൻസ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു. കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല