സ്വന്തം ലേഖകൻ: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സിദ്ദിഖിന്റെ സുഹൃത്തിന്റെ മകൾ ഫർഹാനയെ മുൻനിർത്തിയാണ് ഹണി ട്രാപ്പ് ഒരുക്കിയത്. ഫർഹാന എത്തുമെന്ന ഉറപ്പിലാണ് മേയ് 18 ന് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഫർഹാനയുടെ പിതാവും സിദ്ദിഖും ഗൾഫിൽ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.
അങ്ങനെയാണ് ഫർഹാനയെ സിദ്ദിഖ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ഷിബിലിയെ സിദ്ദിഖിന് പരിചയപ്പെടുത്തിയത് ഫർഹാനയാണ്. ഷിബിലിക്ക് ഹോട്ടലിൽ ജോലി കൊടുത്തതും ഫർഹാന പറഞ്ഞിട്ടാണ്. ഹോട്ടലിൽ ജോലിക്ക് ചേർന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ സിദ്ദിഖിന്റെ എടിഎം പാസ്വേർഡുകളും യുപിഐ പാസ്വേർഡുകളും ഷിബിലി മനസിലാക്കി.
സിദ്ദിഖിന്റെ കയ്യിൽനിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പ് ഒരുക്കിയത്. ഹോട്ടൽ മുറിയിൽവച്ച് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി ഫർഹാനയ്ക്കൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ഫർഹാനയ്ക്കൊപ്പം ഷിബിലിയും ആഷിഖും ഹോട്ടൽ മുറിയിലെത്തി. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഹോട്ടൽ മുറിയിൽവച്ച് പ്രതികളും സിദ്ദിഖും തമ്മിൽ ബലപ്രയോഗമുണ്ടായി. സിദ്ദിഖ് താഴെ വീണപ്പോൾ ചുറ്റിക ഉപയോഗിച്ച് ഷിബിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഈ സമയത്ത് ആഷിഖ് നെഞ്ചിൽ ആഞ്ഞാഞ്ഞ് ചവിട്ടി. ചവിട്ടിൽ വാരിയെല്ലുകൾ തകരുകയും ശ്വാസകോശത്തിൽ മുറിവേൽക്കുകയും ചെയ്തു. തുടർന്ന് മൂന്നുപേരും ചേർന്ന് മർദിച്ചു.
മേയ് 18 ന് തന്നെ മൃതദേഹം കളയാനായി ട്രോളി ബാഗ് വാങ്ങി. പക്ഷേ, മൃതദേഹം ഈ ബാഗിൽ ഒതുങ്ങിയില്ല. തുടർന്ന് പിറ്റേന്ന് ഇലക്ട്രിക് കട്ടറും രണ്ടാമതൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽവച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളി. മലപ്പുറം എസ് പി.സുജിത് ദാസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. അട്ടപ്പാടിയില്‍ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നല്‍കിയത് ആഷിഖാണെന്നും പൊലീസ് പറഞ്ഞു. ചെന്നൈയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ചെന്നൈയിലെത്തിയ പ്രതികൾ അസമിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല