സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം. ഏപ്രിലിൽ വിമാനത്താവളം വഴി 32,81,487 പേർ യാത്ര ചെയ്തു. 2022 ഏപ്രിലിൽ 25,05,025 യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. 31 ശതമാനമാണ് വർധനയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കിൽ പറയുന്നു. വിമാനനീക്കത്തിലും 14.3% വർധനയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ 18,762 വിമാനങ്ങളാണ് വന്നുപോയതെങ്കിൽ കഴിഞ്ഞ വർഷം ഇതേ മാസം വിമാനങ്ങളുടെ എണ്ണം 16,411 ആയിരുന്നു. അതേസമയം കാർഗോ, മെയിൽ എന്നിവയുടെ കാര്യത്തിൽ ഗണ്യമായ കുറവുണ്ട്. ഇത്തവണ1,86,302 ടൺ ആണ്.
2022 ഏപ്രിലിൽ ഇത് 2,03,261 ടൺ ആയിരുന്നു. ഏപ്രിലിൽ രാജ്യത്ത് എത്തിയവരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മൊത്തം സന്ദർശകരിൽ 38 ശതമാനമാണിത്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയിൽ 21,900 പേർ മാത്രമാണ് ജിസിസിയിൽ നിന്നെത്തിയത്. മാസ അടിസ്ഥാനത്തിൽ 207.4 ശതമാനമാണ് വർധന. ഈ വർഷം തുടക്കം മുതൽ ഹമദ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ആദ്യ പാദത്തേക്കാൾ ഗണ്യമായ വർധനയുണ്ട്.
ഈ വർഷം ജനുവരിയിൽ 35,59,063, ഫെബ്രുവരിയിൽ 32,40,117 മാർച്ചിൽ 35,16,939 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യത്തേക്ക് എത്തിയ സന്ദർശകരുടെ എണ്ണത്തിലും മാസാടിസ്ഥാനത്തിൽ വർധനയുണ്ട്. മാർച്ചിൽ മാത്രം 4,33,114 പേരാണ് രാജ്യത്തേക്ക് എത്തിയത്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്താൻ ഖത്തർ ടൂറിസം വ്യത്യസ്ത പരിപാടികളാണ് നടത്തുന്നത്. 2030നകം പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം.
ഒക്ടോബറിൽ 6 മാസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്സ്പോയ്ക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്നതിനാൽ ഒക്ടോബർ മുതൽ രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം കൂടും. മാത്രമല്ല ഒക്ടോബറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി, ഖത്തർ ജനീവ മോട്ടർ ഷോ എന്നിവയിലേക്കും കൂടുതൽ രാജ്യാന്തര സന്ദർശകർ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല