സ്വന്തം ലേഖകൻ: ബ്രിജ് ഭൂഷണ് ശരണ്‍ സിങിനെതിരായി ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്ദറില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത ഫോഗട്ട് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും സംഗീത ഫോഗട്ട് പ്രതികരിച്ചു. ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് നടത്തുന്ന മഹിളാ പഞ്ചായത്തിന് മുന്‍പാണ് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നടത്താനിരുന്ന മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ചതായി വിനേഷ് ഫോഗട്ട് ആരോപിച്ചു. ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന് വിനേഷ് ഫോഗട്ട് അപലപിച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ് ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗൗരവ സ്വഭാവമുള്ളതെന്നാണ് പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പരാതിക്കാര്‍ക്ക് തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കാന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജൂണ്‍ 27ന് വീണ്ടും പരിഗണിക്കും.
അതേസമയം ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന് മുമ്പാകെയാണ് അന്വേഷണ സംഘം കോടതിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല