
സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചു മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബഹ്റൈനിലെ നിര്‍മാണ കമ്പനിക്കെതിരേ നൂറുകണക്കിന് തൊഴിലാളികള്‍ സമര രംഗത്തിറങ്ങി.
സിത്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ഉള്‍പ്പെടെ 340ലേറെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പോലിസ് ഇടപെട്ട് അനുനയിപ്പിച്ച് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും മാസങ്ങളായി കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കാത്തതിനാല്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയാണെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. അഞ്ചു മാസമായി ഇതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണെന്നും കമ്പനിയുടെ ഭാഗത്തു നിന്ന് ഒരു വിധത്തിലുള്ള അനുകൂല സമീപനവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുവന്നതെന്നും അവര്‍ അറിയിച്ചു.
ഭാഗമായി ശമ്പളം നല്കി പ്രശ്നം പരിഹരിക്കാനുള്ള അഭ്യര്‍ഥനയും കമ്പനി ചെവിക്കൊണ്ടില്ല. അതേസമയം, ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ പോലും കമ്പനി അനവദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 20 വര്‍ഷത്തിലേറെ കാലം കമ്പനിയില്‍ ജോലി ചെയ്തവരുള്പ്പെടെയാണ് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിന് ഇറങ്ങിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് പാകിസ്താന് സ്വദേശിയായ ജീവനക്കാരിലൊരാള്‍ പറഞ്ഞു. ശമ്പളം നല്‍കാത്തത് കാരണം പലരും ജോലിയില്‍ നിന്ന് രാജിവച്ചെങ്കിലും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് കമ്പനി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാര്‍ഷിക അവധി അനുവദിക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും കമ്പനി പരിഗണിച്ചിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിഷയം പോലിസിനെ ധരിപ്പിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും രീതിയിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് സമരത്തിന്റെ പാത തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല