
സ്വന്തം ലേഖകൻ: ലൈംഗിക പീഡനാരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പോലീസ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ബ്രിജ്ഭൂഷണ് ശ്രമിച്ചിട്ടില്ലെന്നും പോലീസ്.
15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് ചിലപ്പോള്‍ കുറ്റപത്രമോ അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ടോ ആയേക്കാം. എഫ്ഐആറില്‍ ചേര്‍ത്തിട്ടുള്ള പോക്സോ വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തില്‍ താഴെ തടവുശിക്ഷയാണ് ഉള്ളത്. അതിനാൽ പരാതിക്കാർ ആവശ്യപ്പെടുന്നത് പോലെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റുമായി മുന്നോട്ട് പോകാനാവില്ലെന്നും പോലീസ് പറയുന്നു.
അതേസമയം ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങള്‍. രാജ്യത്തിനായി ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതിവൈകാരികമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായത്. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്രം വിഷയത്തില്‍ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതിഷേധ മാര്‍ച്ചിനിടെ ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു) കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതാദ്യമായി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച യുഡബ്ല്യുഡബ്ല്യു താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും പ്രസ്താവനയിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല