സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ എക്കാലത്തേയും ആവശ്യമായ യാത്രാ കപ്പൽ സര്‍വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യുഎഇ സെക്ടറിൽ കപ്പൽ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല