സ്വന്തം ലേഖകൻ: യുകെയിലെ വീട് വിലകള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തില്‍ കുറയുന്നുവെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി. പലിശനിരക്കുകളിലെ വര്‍ധനവും ജീവിതച്ചെലവുകള്‍ കൂടിവരുന്നതാണ് ഇതിന് പ്രധാന കാരണം. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുകെയിലെ വീടുകളുടെ വില ആദ്യമായാണ് ഇത്ര വേഗത്തില്‍ താഴുന്നതെന്നും നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി അഭിപ്രായപ്പെടുന്നു.
വീട് വില്പനക്കാര്ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നിന്നും കടുത്ത തിരിച്ചടിയാണ് നേരിടുന്നതെന്നും മൂന്ന് ബെഡ് റൂം സെമി വീടിന്റെ വിലയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ 9000 പൗണ്ട് കുറഞ്ഞുവെന്നും പുതിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി എടുത്ത് കാട്ടുന്നു. ഇത് പ്രകാരം മേയ് മാസത്തില്‍ പ്രോപ്പര്‍ട്ടി വാല്യൂസില്‍ 3.4 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009 ജൂലൈയില്‍ വാര്‍ഷിക വിലിടിവ് 6.2 ശതമാനം രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിപ്പോഴുണ്ടായിരിക്കുന്നതെന്നും നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി നടത്തിയ ഏറ്റവും പുതിയ വിശകലനം വെളിപ്പെടുത്തുന്നു.
രാജ്യത്തെ ശരാശരി വീട് വിലയില്‍ 0.1 ശതമാനം മാസാന്ത ഇടിവ് രേഖപ്പെടുത്തി മേയില്‍ വില 260,736 പൗണ്ടിലാണെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ടിപ്പിക്കല്‍ ഹൗസ് പ്രൈസ് 269,914 പൗണ്ടായിരുന്നുവെന്നറിയുമ്പോഴാണ് വിലത്തകര്‍ച്ചയുടെ ആഘാതം മനസില്ലാക്കാന്‍ സാധിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോര്‍ട്ട്ഗേജ് അപ്രൂവലുകളുടെ എണ്ണം മാര്‍ച്ചിലെ 51,500ല്‍ നിന്ന് ഏപ്രിലില്‍ 48,700 ആയി താഴുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ മോര്‍ട്ട്ഗേജ് ലെന്ഡിംഗിലും അടുത്തിടെ കാര്യമായ താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി വിശകലനം എടുത്ത് കാട്ടുന്നു. പുതിയ കണക്കുകള്‍ പ്രകാരം മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് ഏപ്രിലില്‍ 1.4 ബില്യണ്‍ പൗണ്ടായാണ് ചുരുങ്ങിയിരിക്കുന്നത്. കോവിഡിതര കാലത്തുള്ള ഏറ്റവും വലിയ ഇടിവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പുതിയ മോര്‍ട്ട്ഗേജുകള്‍ അനുവദിക്കുന്നതിലെ താഴ്ചയാണ് ഇതിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല