ടിവി ചാനലുകളില്‍ ഏറ്റവും പോപ്പുലര്‍ ആക്കി റിയാലിറ്റി ഷോകളിലെ ഐഡിയ സ്റ്റാര്‍ സിംഗറിനെ മാറ്റുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച വ്യക്തിയാണ് സംഗീത സംവിധായകന് ശരത്. എന്നാല്‍ ഏറ്റവും പുതിയ വേര്‍ഷനായ സീസണ് സിക്സില് ശരത് ഇല്ല പകരം എം.ജയചന്ദ്രനാണ്.
ഒരു പക്ഷേ ശരത് തന്നെ ചിരിച്ചുകൊണ്ട് നിഷേധിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട് ഇതിനുപിന്നില്‍. ഏറെക്കുറെ മലയാളികള്‍ കണ്ടും കേട്ടും അറിഞ്ഞതുതന്നെ. സീസണ് ഫൈവിന്റെ ഗ്രാന്റ് ഫിനാലയില്‍ അതിഥിയായ് വന്ന കെ.ജെ.യേശുദാസ് കല്പന രാഘവേന്ദ്രയുടെ പാട്ടിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് മത്സരത്തിന്റെ ഗതിതിരിച്ചുവിടുന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും സംഗതി കൊള്ളേണ്ടിടത്തുകൊണ്ടു. യേശുദാസിന്റെ കമന്റിനെ തള്ളിക്കളയാന്‍ പ്രാപ്തിയുള്ള ആരും ജഡ്ജസില്‍ ഇല്ലായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ സംഗീത മാമാങ്കത്തില്‍ ഒരുപാട്
പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്താണ് ഓരോ മത്സരാര്‍ത്ഥിയും മുമ്പോട്ട് വരുന്നത്. അങ്ങിനെ ഫില്‍ട്ടര്‍ ചെയ്തെടുത്ത അഞ്ച്പേരും അതില്‍ നിന്നുതന്നെ മൂന്ന് പേരുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
ഒരു കോടിയുടെ ഫ്ളാറ്റ് സമ്മാനമായി ലഭിക്കുന്ന ഈ ഷോയില്‍ വളരെ മാന്യമായ ജഡ്ജ്മെന്റ് തന്നെയായിരുന്നു നടന്നുവന്നിരുന്നത്. ഓരോ മത്സരാര്‍ത്ഥിയോടും ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ് ശരത്, എം.ജി. ശ്രീകുമാര്‍, ചിത്ര തുടങ്ങിയ ജഡിജിംഗ് കമ്മിറ്റി പുലര്‍ത്തി പോന്നിരുന്നത്.
അങ്ങിനെ കടഞ്ഞ് കടഞ്ഞ് കൊണ്ടുവന്ന മൂന്നുപേരില്‍ നിന്ന് ഒരാള്‍ക്കുവേണ്ടി അതിഥിയായ് വന്ന യേശുദാസ് അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ തകര്‍ന്നു പോയത് ജഡ്ജിംഗ് കമ്മിറ്റിയുടെ ആത്മവിശ്വാസവും മത്സരാര്‍ത്ഥികളുടെയും, പ്രേക്ഷകരുടേയും വിശ്വാസവുമാണ്. ഒടുവില്‍ അത് സംഭവിച്ചു, എസ്.എം.എസില്‍ ഏറ്റവും പിന്നിലായിരുന്ന കല്പന രാഘവേന്ദ്ര ഫ്ളാറ്റും കൊണ്ട് പോയപ്പോള്‍ ഏവരും ഒരു നിമിഷം പകച്ചു. കുറ്റബോധം കൊണ്ട് തലകുനിഞ്ഞ് പോയ ജഡ്ജസില്‍ ശരത് പ്രായശ്ചിത്തമെന്നോണംഏഷ്യാനെറ്റ് വിട്ടു.
എന്നാലിത് സമ്മതിച്ചു തരാന്‍ ശരത് മടിക്കും കാരണം യേശുദാസിനെ പിണക്കാന്‍ തയ്യാറല്ല എന്നതുതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല