1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2023

സ്വന്തം ലേഖകൻ: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സര രംഗത്തുണ്ട്. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

തിര​ഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 50ഓളം മാധ്യമപ്രവർത്തകരും കുവൈത്തിലുണ്ട്. 3 വർഷത്തിനിടെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ഏപ്രിൽ നാലിന് നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ കുവൈത്ത് അമീർ ഉത്തരവിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാർലമെന്റും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ 2 അസംബ്ലികളും കാലാവധി പൂർത്തിയാക്കാതെ പിരിച്ചുവിടുകയായിരുന്നു.

2022 സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കി 2020ലെ പാർലമെന്റ് പുനഃസ്ഥാപിച്ച് മാർച്ചിൽ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ ഏപ്രിൽ 4ന് നിലവിൽ വരികയും ചെയ്തിരുന്നു. ഭരണഘടനാ കോടതി പുനഃസ്ഥാപിച്ച ഈ പാർലമെന്റ് അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിനു കൂടി സാക്ഷിയാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.