സ്വന്തം ലേഖകൻ: വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നടന്നത് നാടകീയ സംഭവവികാസങ്ങള്‍. ദുബായിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഒരു യുവാവ് തമാശ പറഞ്ഞതിന്റെ പേരില്‍ വിസ്താര വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.
വിമാനം കാത്തിരുന്ന ഒരു യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു.
യുവാവിന്റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരി ഈ ഫോണ്‍ സംഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കേള്‍ക്കുകയും ബോംബ് എന്ന വാക്കുകേട്ട് ഭയചകിതയാകുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെ വിശദമായി പരിശോധിക്കുകയും ലഗേജുകളെല്ലാം കൃത്യമായി പരിശോധിക്കുകയും ചെയ്തു.
നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ വിമാനത്തില്‍ കയറ്റാന്‍ ഒരു ബോംബും യുവാവിന്റെ കയ്യിലില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു. ഇതോടെ ദുബായിലേക്ക് പോകുന്നതിനായി യുവാവ് യാത്ര ചെയ്യാനിരുന്ന ഡല്‍ഹി- മുംബൈ കണക്ഷന് വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല