
സ്വന്തം ലേഖകൻ: പാര്‍ട്ടിഗേറ്റ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ മുന്‍കൂര്‍ പകര്‍പ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം രാജിവച്ചു.
പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ ലംഘിക്കുന്ന പാര്‍ട്ടികളെ കുറിച്ച് അദ്ദേഹം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന് പരിശോധിച്ചു.
കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് നടത്തിയ പ്രസ്താവനയിലൂടെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാല്‍ 10 ദിവസം വരെ സസ്പെന്‍ഷന്‍ ലഭിക്കുമായിരുന്നു. പാര്‍ലമെന്റില്‍ നിന്ന് ഒഴിയുന്നത് സങ്കടകരമാണെന്നും എന്നാല്‍ തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു.
എല്ലാ സമയത്തും സഭയുടെ നടപടിക്രമങ്ങളും ഉത്തരവുകളും പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച യോഗം ചേരുമെന്നും പ്രിവിലേജസ് കമ്മിറ്റി അറിയിച്ചു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നു ഡൗണിങ് സ്ട്രീറ്റില്‍ മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയതിലൂടെ ‘പാര്‍ട്ടിഗേറ്റ്’ എന്നറിയപ്പെട്ട വിവാദത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെ ജോണ്‍സണു പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു.
പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു. റിഷി സുനാക് അടക്കമുള്ളവരുടെ രാജിയാണ് ബോറിസിന്റെ കസേര പോകാനുള്ള പ്രധാനകാരണം. അതുകൊണ്ടുതന്നെ സുനാകിനെ തന്റെ എതിരാളിയായാണ് ബോറിസ് കാണുന്നതും.
രാജിവച്ച ബോറിസിന്റെ മുന്നിലെ പ്രധാന ലക്‌ഷ്യം സുനാകിന്റെ വീഴ്ചയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനായാവും ഇനിയുള്ള ബോറിസിന്റെ പ്രവര്‍ത്തനം. ജോണ്‍സന്റെ കീഴില്‍ സാംസ്കാരിക സെക്രട്ടറിയായി സേവനമനുഷ്ഠിച്ച നാദിന്‍ ഡോറീസ് എംപി സ്ഥാനം രാജിവച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല