സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്‍ഡൊനീഷ്യയുടെ പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി 18നാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാനം മാറ്റുന്നതിനുള്ള നിയമം പാസാക്കിയത്. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിലെ കലിമന്താനിലാണ് രാജ്യത്തിനായി പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. ദ്വീപസമൂഹം എന്നര്‍ഥം വരുന്ന നൗസന്താര എന്ന പേരിലാണ് 3200 കോടി ഡോളര്‍ ചിലവില്‍ പുതിയ തലസ്ഥാന നഗരി ഉയരുക. നൂറോളം പേരുകളില്‍ നിന്നാണ് പുതിയ തലസ്ഥാന നഗരിക്ക് നൗസന്താര എന്ന പേര് നല്‍കിയത്.
2024 രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട പണികളാണ് ബോര്‍ണിയോ ദ്വീപില്‍ നടക്കുന്നത്. പുതിയ തലസ്ഥാന നഗരിയുടെ പണി വേഗത്തിലാക്കാനായി 15 ട്രില്ല്യണ്‍ റുപിയയാണ് (1.1 ബില്യണ്‍ ഡോളര്‍) ഇന്‍ഡൊനീഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പാര്‍ലമെന്റ് അടക്കമുള്ള രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങള്‍ ഇവിടേക്ക് മാറും. പ്രസിഡന്റിന്റെ കൊട്ടാരവും മന്ത്രിമന്ദിരങ്ങളുമെല്ലാം പുതുതായി നൗസന്താരയിലുയരും. 16000 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സൈന്യവും പോലീസും ഇവിടെ പ്രവര്‍ത്തിക്കും.
നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്ത പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതിനാലാണ് തലസ്ഥാനം മാറ്റാനുള്ള ആശയത്തിലേക്ക് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ എത്തുന്നത്. ജാവന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ജക്കാര്‍ത്ത പ്രതിവര്‍ഷം 25 സെന്റീമീറ്റര്‍ വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. 2050 ഓടെ ജക്കാര്‍ത്തയുടെ മൂന്നില്‍ ഒന്ന് ഭാഗം വെള്ളത്തില്‍ മുങ്ങുമെന്നാണ് പ്രവചനങ്ങള്‍. ഭൂഗര്‍ഭജല ചൂഷണവും കാലാവസ്ഥ വ്യതിയാനം മൂലം ജലനിരപ്പ് ഉയരുന്നതുമെല്ലാമാണ് ജക്കാര്‍ത്തയുടെ ഈ അവസ്ഥയ്ക്ക് കാരണം.
വനനഗരം എന്ന ആശയത്തിലൂന്നി സുസ്ഥിര നഗരമായിട്ടായിരിക്കും നൗസന്താര പണിതുയര്‍ത്തുക എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നഗരത്തിന്റെ പകുതിയിലധികം പ്രദേശം വനവത്കരിക്കും. ജക്കാര്‍ത്തയുടെ നാശത്തിലേക്ക് നയിച്ച കാരണങ്ങളില്‍ നിന്ന് പാഠിച്ച പാഠങ്ങള്‍ പുതിയ നഗരത്തിന്റെ നിര്‍മ്മിതിയെ സ്വാധിനിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ ‘വനനഗര നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതിവാദികള്‍ തന്നെ രംഗത്തെത്തിയതാണ് മറ്റൊരു കൗതുകം. ബോര്‍ണിയോ ദ്വീപില്‍ ഇത്രവലിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും നിരവധി തദ്ദേശീയ ജനങ്ങള്‍ കുടിയിറക്കപ്പെടുമെന്നുമാണ് പരിസ്ഥിതിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന ആശങ്കകള്‍.
തലസ്ഥാന നഗരി പണിതുയര്‍ത്താനുള്ള 3200 കോടി ഡോളറില്‍ കേവലം 20 ശതമാനം മാത്രമേ പൊതുഖജനാവില്‍ നിന്ന് എടുക്കുള്ളുവെന്നും ബാക്കി സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്തുമെന്നുമാണ് പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ അവകാശവാദം. അടുത്ത വര്‍ഷത്തോടെ തന്റെ പ്രസിഡന്റ് കാലാവധിയിലെ രണ്ടാമത്തെയും അവസാനത്തെയും ഊഴം അവസാനിക്കുന്ന ജോക്കോ വിഡോഡോയുടെ സ്വപ്‌ന പദ്ധതി കൂടിയാണ് നൗസന്താര.
അന്തര്‍ദേശീയ തലത്തിലുള്ള വന്‍കിട നിക്ഷേപകരെ കണ്ടെത്തി പദ്ധതി ചിലവിന്റെ 80 ശതമാനം കണ്ടെത്താനുള്ള വിഡോഡോയുടെ ആശയം നിലവില്‍ പ്രതിസന്ധിയിലാണ്. പദ്ധതിക്കായി കരാറൊപ്പിടാന്‍ നിലവില്‍ ഒരു സ്വകാര്യ കമ്പനി പോലും മുന്നോട്ട് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ പുതിയ തലസ്ഥാന നഗരി ഉദ്ഘാടനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല