സ്വന്തം ലേഖകൻ: കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ഇപ്പോഴിതാ കോവിഡ് അതിജീവിച്ചിട്ടും ലോങ് കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരെക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
ലോങ് കോവിഡ് അഭിമുഖീകരിക്കുന്നവരിൽ പലരും അമിതക്ഷീണത്താൽ വലയുന്നുവെന്നും ഇത് പലപ്പോഴും ചില കാൻസറുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനേക്കാൾ കൂടുതലാണെന്നും പഠനം പറയുന്നു. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി & ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ബി.എം.ജെ ഓപ്പൺ എന്ന മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
3,750 ലോങ് കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ലോങ് കോവിഡ് ക്ലിനിക്കിലേക്ക് നിർദേശിച്ചവരായിരുന്നു അവരെല്ലാം. ഭൂരിഭാഗം പേർക്കും ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പലരും കാൻസറിനു ശേഷമുള്ള അനീമിയയോ ഗുരുതരമായ കിഡ്നി രോഗമോ അനുഭവിക്കുന്നവരെപ്പോലെ തന്നെയോ അവരേക്കാൾ അധികമോ ക്ഷീണം അനുഭവിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
ലോങ് കോവിഡ് രോഗികളിൽ പലരുടെയും ദൈനംദിന ജീവിതം സ്ട്രോക് രോഗികളേക്കാൾ മോശമോ പാർക്കിൻസൺസ് രോഗികളുടേതിന് സമാനമോ ആണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചവരിൽ പതിനേഴു ശതമാനം പേർക്ക് ലോങ് കോവിഡ് ഉണ്ടാകാം. അമിതമായ ക്ഷീണം മൂലം ജോലികൾ ചെയ്തു തീർക്കാനും ബന്ധങ്ങൾ നിലനിർത്താനും കഴിയാത്തതുൾപ്പെടെ രോഗികളുടെ ദൈനംദിന ജീവിതത്തെ ലോങ് കോവിഡ് സാരമായി ബാധിക്കാം.- പഠനത്തിൽ പങ്കാളിയായ ഡോ. ഹെന്റി ഗുഡ്ഫെലോ പറഞ്ഞു.
ലോങ് കോവിഡ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വിപരീതമായി ബാധിക്കുന്നതു മാത്രമല്ല പ്രശ്നമെന്നും രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലും അത് ആഘാതമുണ്ടാക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ലോങ് കോവിഡിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി മതിയായ നയങ്ങൾ സ്വീകരിക്കുക വഴി ഈ പ്രതിസന്ധിക്ക് ആക്കം കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നു.
കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് വൈറസ് ഇവിടെത്തന്നെയുണ്ടാകും. അതിനാൽ ദീർഘകാല തന്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ സഹായിക്കണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല