സ്വന്തം ലേഖകൻ: ഡബിൾ ഡക്കർ സീറ്റുകൾ വിമാനങ്ങളിലും കണ്ടു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ ഡയഗണലായി ക്രമീകരിച്ചിരിക്കുന്ന ഈ ഡബിൾഡക്കർ സീറ്റുകൾ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ കമ്പനികളെ സഹായിക്കുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ഒരു യാത്രയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുക എന്ന വിമാന കമ്പനികളുടെ ലക്ഷ്യവും ഇതിലൂടെ നടക്കും. അലക്സൺഡ്രോ ന്യൂനസ് വിസന്റെ എന്ന എയർക്രാഫ്റ്റ് സീറ്റ് ഡിസൈനറാണ് ഇത്തരം ഒരു നവീനമായ രൂപകല്പനയ്ക്ക് പിന്നിൽ.
ഹാംബർഗിൽ നടന്ന 2023 ഏയർക്രാഫ്റ്റ് ഇന്റീരിയർ എക്സ്പോയിൽ ആണ് അലക്സാണ്ട്രോ ഇത്തരം ഒരു രൂപകൽപ്പനയുമായി പ്രത്യക്ഷപ്പെട്ടത്. ഇരിപ്പിടങ്ങൾ ഡയഗ്ണലായി ക്രമീകരിക്കുന്നതിലൂടെ യാത്രക്കാരുടെ തലയ്ക്കു മുകളിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
പുതിയ ഡിസൈനിൽ, ഓരോ സീറ്റിലും കാലുകൾ വയ്ക്കുന്നതിന് താഴെയുള്ള ഭാഗം ലഗേജുകൾ സൂക്ഷിക്കാൻ ഉപയോഗിക്കാം എന്നാണ് അലക്സാൺഡ്രോ പറയുന്നത്. ഒരു വർഷം മുമ്പ് ഡബിൾ ഡക്കർ സീറ്റിന്റെ പ്രാഥമിക ഡിസൈൻ അദ്ദേഹം പുറത്തിറക്കിയപ്പോൾ നിരവധി പേരാണ് അതിനെതിരായി രംഗത്ത് എത്തിയത്. വിമാന യാത്രയുടെ ബുദ്ധിമുട്ടുകൾ പോരാഞ്ഞിട്ടാണോ ഇത്തരം ഒരു കണ്ടുപിടുത്തം എന്നതടക്കം നിരവധി മോശം അഭിപ്രായങ്ങളും അന്ന് അയാൾക്കു നേരിടേണ്ടതായി വന്നു.
2021ൽ തന്റെ കോളജ് പഠനകാലത്താണ് ഇത്തരം ഒരു ഡിസൈനു പിന്നാലെയുള്ള യാത്ര അലക്സാൻഡ്രോ തുടങ്ങുന്നത്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ആറടി രണ്ടിഞ്ചുകാരനായ തനിക്ക് പലപ്പോഴും ലെഗ് സ്പേസ് ഒരു പ്രശ്നമായി മാറാറുണ്ടായിരുന്നു എന്നും എന്നാൽ തന്റെ ഈ ഡിസൈൻ ഉയരക്കാർക്ക് ഒരു അനുഗ്രഹമായി മാറും എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
എന്നാൽ ഇക്കുറിയും അലക്സാണ്ട്രോയുടെ ഡിസൈനിനെ കുറ്റം പറഞ്ഞ് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. അത്തരം അഭിപ്രായങ്ങളെയൊന്നും താൻ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നിരവധി പൊതു -സ്വകാര്യ വിമാന കമ്പനികൾ ആണ് തന്റെ ഡിസൈന് താൽപര്യം അറിയിച്ചിരിക്കുന്നത് എന്നും അയാൾ അവകാശപ്പെടുന്നു. കാര്യങ്ങളുടെ പോക്ക് ഈ വേഗത്തിൽ ആണെങ്കിൽ ഏകദേശം ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഡബിൾഡക്കർ വിമാനങ്ങളിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാം എന്ന ഉറപ്പും അലക്സാണ്ട്രോ പങ്കുവയ്ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല