സ്വന്തം ലേഖകൻ: വ്യാജ പ്രവേശന ഉത്തരവ് കാണിച്ച് വിസ നേടിയെന്ന ആരോപണം നേരിടുന്ന ചില ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. ചില ഏജന്റുമാർ നൽകിയ കത്ത് ഉപയോഗിച്ച് വിസ സംഘടിപ്പിച്ച് രാജ്യത്തെത്തിയ 700ഓളം വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
ഇവരുടെ വിഷയത്തിൽ ഇളവ് അനുവദിക്കണമെന്ന ഇന്ത്യൻ ആവശ്യം പരിഗണിച്ച് നാടുകടത്തുന്നത് തൽക്കാലം സ്റ്റേ ചെയ്തിട്ടുണ്ട്. 2017-2019 കാലയളവിൽ കാനഡയിലെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. പലരും പഠനം കഴിഞ്ഞ് വർക് പെർമിറ്റ് ഉൾപ്പെടെ സംഘടിപ്പിച്ച് മറ്റു മേഖലകളിലേക്ക് മാറിയവരാണ്.
ചിലർ നാട്ടിലേക്ക് മടക്കം വഴിമുട്ടിയ നിലയിലും. വിഷയത്തിൽ ഇടപെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ കാനഡ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. വിസ ചട്ടങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് ഏജന്റുമാർ നടത്തിയ വഞ്ചനയാണ് നിരപരാധികൾക്ക് വില്ലനായതെന്നാണ് ആരോപണം.
ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് കാനഡയിലെ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. അനിശ്ചിതത്വത്തിന് നടുവിലുള്ള വിദ്യാർഥികളോട് അനുഭാവപൂർണമായ പെരുമാറ്റം വേണമെന്ന് നേരത്തേ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചില വിദ്യാർഥികൾക്ക് നാടുകടത്തലിന് സ്റ്റേ അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല