
സ്വന്തം ലേഖകൻ: യുഎഇയിലെ ഔദ്യോഗിക ഈദ് അല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ഹിജ്രി കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി. ശമ്പളത്തോടുകൂടിയ അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍, ഇത് ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന നീണ്ട ഇടവേളയായി മാറുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള ജീവനക്കാരും കുടുംബങ്ങളും. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേളയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ അവധി എങ്ങനെ ആസ്വദിക്കണമെന്ന ആലോചനയിലാണ് യുഎഇ നിവാസികള്‍.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, മാസപ്പിറവി കാണുന്ന ദിവസത്തെ ആശ്രയിച്ച് ജൂണ്‍ 27 ചൊവ്വാഴ്ചയോ ജൂണ്‍ 28 ബുധനാഴ്ചയോ ആയിരിക്കും അവധി തുടങ്ങുക. ചൊവ്വാഴ്ച അവധി ആരംഭിക്കുകയാണെങ്കില്‍, ശനി-ഞായര്‍ വാരാന്ത്യം ഉള്‍പ്പെടെ ആറ് ദിവസത്തെ ഇടവേള താമസക്കാര്‍ക്ക് ലഭിക്കും. ബുധനാഴ്ചയാണ് അവധി ആരംഭിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമായിരിക്കും അവധി ലഭിക്കുക. ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ചാണ് ഹിജ്രി കലണ്ടറിലെ ഒരു മാസത്തിലെ ദിവസങ്ങള്‍ 29 ആണോ 30 ആണോ എന്ന കാര്യം തീരുമാനിക്കുക.
ജൂണ്‍ 18 ഞായറാഴ്ചയാണ് മിക്ക രാജ്യങ്ങളിലും ദുല്‍ഹിജ്ജയുടെ ആരംഭം നിര്‍ണ്ണയിക്കുന്ന മാസപ്പിറവി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 18 ഞായറാഴ്ച മാസപ്പിറവി കാണുകയാണെങ്കില്‍ ജൂണ്‍ 27-ന് അവധി ആരംഭിക്കും. ജൂണ്‍ 19 തിങ്കളാഴ്ച കണ്ടാല്‍ 28 മുതലായിരിക്കും അവധി. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററിന്റെ നിരീക്ഷണം അനുസരിച്ച് യുഎഇ നിവാസികള്‍ക്ക് ആറ് ദിവസത്തെ അവധി ലഭിക്കും.
ഇതുപ്രകാരം, വാരാന്ത്യം ഉള്‍പ്പെടെ ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെ ആയിരിക്കും ബലി പെരുന്നാള്‍ അവധി.
പെരുന്നാള്‍ അവധി കഴിഞ്ഞ് ജീവനക്കാര്‍ ജൂലൈ 3 തിങ്കളാഴ്ച ഓഫീസില്‍ തിരിച്ചെത്തും. അപ്പോഴേക്കും മിക്ക സ്‌കൂളുകളിലും രണ്ട് മാസത്തെ വേനല്‍ അവധി തുടങ്ങിയിട്ടുണ്ടാകും.
ജൂണ്‍ ഒന്ന് മുതലാണ് രാജ്യത്തെ വേനലവധി ആരംഭിക്കുക. പെരുന്നാള്‍ അവധി കൂടി മുന്നില്‍ക്കണ്ട് വിമാനത്താവളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈദ് അവധിക്കും വേനല്‍ അവധിക്കും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 31 വരെ പുറത്തേക്കുള്ള യാത്ര തുടരുമെന്നാണ് ട്രാവല്‍ ഏജന്റുമാരുടെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല