സ്വന്തം ലേഖകൻ: കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് ആഴ്ചയിൽ മൂന്നുദിവസം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. ഈ വിമാനത്തിനായി ടിക്കറ്റ് എടുത്തിരുന്നവർ മറ്റു വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ബംഗളൂരു, കോഴിക്കോട്, കൊച്ചി ടിക്കറ്റ് സംഘടിപ്പിച്ചാണ് ഇവർ നാട്ടിലേക്ക് തിരിക്കുന്നത്. കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഴ്ചയിൽ ഒരു സർവിസ് മാത്രമാണ് നിലവിലുള്ളത്. ഗോഫസ്റ്റ് റദ്ദാക്കിയതോടെ എയർ ഇന്ത്യ ടിക്കറ്റ് ഡിമാന്റ് കൂടി. സീസൺ ആയതോടെ ടിക്കറ്റ് നിരക്കും ഇരട്ടിയായി.
വിദ്യാലയങ്ങൾ അടക്കുകയും ആഘോഷങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് 36000 ആണ് നിരക്ക്. കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നിരക്ക് 32,000ൽ എത്തി. കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേസ് 57,433 ജസീറ-46,964 എന്നിങ്ങനെയാണ് നിലവിൽ നിരക്ക്.
കുവൈത്ത് – തിരുവനന്തപുരം കുവൈത്ത് എയർവേസ് ടിക്കറ്റ് നിരക്ക് 52000 വരെയായി ഉയർന്നു. ഈ മാസം അവസാനം വരെ എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കാണ്. അതേസമയം, ജൂലൈ രണ്ടാംവാരം മുതൽ നാട്ടിലേക്കുള്ള നിരക്ക് കുറയും. ജൂലൈ ആദ്യവാരം 100 ദിനാറിന് താഴേയും രണ്ടാംവാരം 75 ദിനാറിന് താഴേയും, 30,31 തീയതികളിൽ 54 ദിനാറിനും എയർഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമാണ്. അതേസമയം, ഈ ദിവസങ്ങളിൽ നാട്ടിൽനിന്ന് കുവൈത്തിലേക്കുള്ള നിരക്ക് കൂടുതലാണ്.
സീറ്റുകളുണ്ടെങ്കിലും സീസണിൽ നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകില്ല. കിട്ടുന്ന അവസരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുകയെന്നതാണ് കമ്പനികളുടെ രീതി. ഞായറാഴ്ച കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്കിൽ ഇളവു വരുത്തിയാൽ മറ്റുയാത്രക്കാർ ഉപയോഗപ്പെടുത്തുകയും സീറ്റ് ഫുൾ ആകുമായിരുന്നു എന്നും സ്ഥിരം യാത്രക്കാർ പറയുന്നു. എന്നാൽ, ഇത്തരം ആനുകൂല്യങ്ങൾക്ക് വിമാന കമ്പനികൾ തയാറാകാറില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല