
സ്വന്തം ലേഖകൻ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ ഉടൻ ചുമതലയേൽക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഖത്തറിന്റെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ ചുമതലയേൽക്കുന്നത്. ഏപ്രിൽ ആദ്യ വാരം ചുമതലയേൽക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
2 മാസത്തോളമായി പൊളിറ്റിക്കൽ-കൊമേഴ്‌സ് കൗൺസലർ ആയ ടി.ആൻജലീന പ്രേമലതയാണ് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ചുമതല വഹിക്കുന്നത്. മുൻ സ്ഥാനപതിയായിരുന്ന ഡോ.ദീപക് മിത്തൽ മാർച്ച് അവസാനത്തോടെയാണ് ഡൽഹിയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിലാണ് ഡോ.ദീപക് മിത്തൽ ചുമതലയേറ്റത്.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ആയിരിക്കെ യുഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി മികച്ച സേവനങ്ങൾ നടത്തി ജനകീയ കോൺസൽ ജനറൽ എന്ന പേരു സ്വന്തമാക്കിയ വിപുലിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് ഖത്തറിലെ പ്രവാസി സമൂഹം കാണുന്നത്. 2017 മേയ് മുതൽ 2020 ജൂലൈ വരെ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ആയിരുന്ന വിപുൽ കഴിഞ്ഞ 2 വർഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ആണ്.
കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പുനരധിവാസം സുഗമമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിപുലിന്റെ ഇടപെടൽ യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് വലിയ ആശ്വാസമായിരുന്നു. 1998 മുതൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ കെയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയം, വാണിജ്യം, വികസനം, ആഭ്യന്തര സുരക്ഷ, മീഡിയ തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. 2014 മുതൽ 2017 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിക്കൊപ്പമായിരുന്നു സേവനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. കീർത്തിയാണ് പത്നി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല