
സ്വന്തം ലേഖകൻ: മൂന്ന് മാസത്തേക്ക് അഥവാ 90 ദിവസത്തേക്കുള്ള സന്ദര്‍ശന വീസ വീണ്ടും അവതരിപ്പിച്ച് യുഎഇ. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ റദ്ദാക്കിയ ദീര്‍ഘകാല സന്ദര്‍ശന വീസയാണ് ഇപ്പോള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നത്. നേരത്തേ 90 ദിവസത്തെ വിസിറ്റ് വീസ റദ്ദാക്കി പകരം 60 ദിവസത്തെ വീസ കൊണ്ടുവന്നിരുന്നു. 90 ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു.
ട്രാവല്‍ ഏജന്റുമാര്‍ വഴിയാണ് വീസ ലഭിക്കുക. അതേസമയം, കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ 90 ദിവസ വീസ വീണ്ടും നിലവില്‍ വന്നതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ഈ വീസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ യുഎഇയില്‍ തങ്ങാന്‍ കഴിയുമെന്നു മാത്രമല്ല, അതിനു ശേഷം രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വീസ നീട്ടാവുന്നതാണ്.
നിലവില്‍ യുഎഇ വാഗ്ദാനം ചെയ്യുന്ന രണ്ട് തരത്തിലുള്ള എന്‍ട്രി പെര്‍മിറ്റുകളാണ് ടൂറിസ്റ്റ് വീസയും വിസിറ്റ് വീസയും. ഒരു ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് 30 ദിവസമോ 60 ദിവസമോ രാജ്യത്ത് താമസിക്കാം. പുതിയ തീരുമാനപ്രകാരം വിസിറ്റ് വീസ 90 ദിവസത്തേക്കാണ് ഇഷ്യൂ ചെയ്യുന്നത്. സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ് 90 ദിവസ വീസകള്‍. കുടുംബത്തോടൊപ്പം താമസിക്കാന്‍ വരുന്നവരും തൊഴില്‍ അന്വേഷിച്ച് വരുന്നവരും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
90 ദിവസത്തെ സന്ദര്‍ശന വീസയ്ക്കുള്ള ഫീസ് 1,500 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ട്രാവല്‍ ഏജന്റിന്റെ ഫീസ് കൂടി ചേര്‍ത്താല്‍ അത് 2,000 ദിര്‍ഹം വരെ ആകാം. ദീര്‍ഘകാല വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കാന്‍ സമീപകാല പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് പ്രധാനമായും വേണ്ടത്. അപേക്ഷിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ വീസ ലഭിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. എന്നാല്‍ രണ്ടു ദിവസത്തിനകവും ചിലപ്പോള്‍ വീസ ലഭിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല