1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2023

സ്വന്തം ലേഖകൻ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.

പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വീസയ്ക്കായി അപേക്ഷിച്ച മലയാളിയുടെ അപേക്ഷ നിരസിച്ചാണ് പുതിയ നിബന്ധനയെക്കുറിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതർ വിശദീകരിച്ചത്. അപേക്ഷകന്റെ ശമ്പളം 8250 ദിർഹമായതിനാലാണ് പേരക്കുട്ടിയുടെ വീസ അപേക്ഷ നിരസിച്ചത്.

ഇതേസമയം റസിഡൻസ് വീസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യം വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. മാസത്തിൽ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.

ജീവിത പങ്കാളി മരിച്ചതോ വിവാഹമോചിതരോ ആയ സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ റസിഡൻസ് വീസയിൽ കൊണ്ടുവരാം. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാം.

സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.